തൃശൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി മൂന്ന് മാസം പിന്നിടുമ്പോൾ നാഥനില്ലാ കളരിയായി സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾ. സാഹിത്യ അക്കാദമിയും ചലച്ചിത്രവികസന കോർപ്പറേഷനും അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം താളംതെറ്റി.
കേരള സംഗീത-നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, കേരള ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാം തന്നെ സാംസ്കാരിക വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ മാറിയതോടെ മിക്ക കേന്ദ്രങ്ങളിലെയും ചെയർമാൻമാർ അടക്കം കൂട്ടത്തോടെ രാജി വച്ചതോടെയാണ് സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്.
പല സാംസ്കാരിക കേന്ദ്രങ്ങളിലെയും ദൈനംദിന പ്രവർത്തനങ്ങളും ശമ്പള വിതരണവും വൈകി. അതിന് പുറമെ ഡിസംബറിൽ നടക്കേണ്ട രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. സാധാരണ ഗതിയിൽ മൂന്ന് മാസം മുൻപ് തന്നെ ചലച്ചിത്രമേളയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാറുണ്ട്. അതുപോലെ തന്നെ നാടകോത്സവത്തിൻ്റെയും പ്രവർത്തനങ്ങൾ വൈകുകയാണെന്നാണ് ആക്ഷേപം.
വിവിധ അക്കാദമികളിലെ വിദ്യാർഥികളുടെ ഗ്രാൻ്റും, ഫണ്ടും മുടങ്ങിയെന്നും പരാതിയുണ്ട്. വകുപ്പ് തലത്തിൽ മേധാവി ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കോൺഗ്രസിനുള്ളിലെ തർക്കങ്ങളാണ് അക്കാദമി തലപ്പത്തുള്ള നിയമനത്തിന് തടസമാകുന്നത്.
തർക്കം നീണ്ടു പോകുന്നത് സാംസ്കാരിക കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. 2025ലെ കലാ സാഹിത്യ പുരസ്കാര വിതരണവും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.