KERALA

"കോപ്പിയടി"; കുസാറ്റ് ബിജെപി സിൻഡിക്കേറ്റ് അംഗത്തിൻ്റെ പ്രബന്ധം വെബ്സൈറ്റിൽ നിന്നും ഒഴിവാക്കി

ഏകപക്ഷീയമായ തീരുമാനത്തിനെതിരെ വിശദീകരണം ചോദിച്ചെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി എസ് ശ്രീജിത്ത് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ബിജെപി സിൻഡിക്കേറ്റ് അംഗത്തിൻ്റെ പ്രബന്ധം അന്താരാഷ്ട്ര വെബ്സൈറ്റിൽ നിന്നും ഒഴിവാക്കി. പ്രബന്ധത്തിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്നാണ് വെബ്സൈറ്റിൻ്റെ നടപടി. ഏകപക്ഷീയമായ തീരുമാനത്തിനെതിരെ വിശദീകരണം ചോദിച്ച് കത്തയച്ചതായി സിൻഡിക്കേറ്റ് അംഗം ഡോ. പി. എസ്. ശ്രീജിത്ത് അറിയിച്ചു.

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിനിടെയാണ് കുസാറ്റ് അധ്യാപകൻ്റെ പ്രബന്ധവും ചർച്ചയാകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗവും ഫാക്കൽറ്റി ഡീനുമാണ് ഡോ. പി.എസ് ശ്രീജിത്ത്. 2006 ൽ പുറത്തിറക്കിയ "ടൂൾ വെയർ ഓഫ് ബിൻഡർലെസ് PCBN ടൂൾ ഡ്യൂറിംഗ് മെഷീനിംഗ് ഓഫ് പർട്ടിക്കുലേറ്റ് റീൻഫോഴ്സ്ഡ് MMC" എന്ന പ്രബന്ധമാണ് 19 വർഷത്തിന് ശേഷം കോപ്പിയടി കണ്ടെത്തി സ്പ്രിങ്ങർനേച്ചർ ലിങ്ക് പ്രസാദകർ പിൻവലിച്ചത്.

മുന്നറിയിപ്പ് നൽകാതെയാണ് പ്രസാധകരുടെ നടപടിയെന്നും പ്രബന്ധം പിൻവലിച്ചതിനുള്ള കാരണം അറിയില്ലെന്നും പി. എസ്. ശ്രീജിത്ത് പ്രതികരിച്ചു. 2018 ൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് ഡോ. പി എസ് ശ്രീജിത്ത്. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ വിസി ഡോ. എം. എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT