കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും സാമ്പിള്‍ പരിശോധനയ്ക്കായി സ്വര്‍ണം മുറിച്ചെടുത്തത് ആചാര ലംഘനമെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്ത് നല്‍കി.
വിഷയം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വീണ്ടും സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. പ്രത്യേക അന്വേഷണ സംഘവും ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവുമാണ് സാമ്പിളുകള്‍ എടുത്തത്.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയില്‍ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വി.എസ്.എസ്.സി) നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ദ്വാരപാലക കട്ടിളപ്പാളികളില്‍ നിന്ന് ഒരു കിലോ 70 ഗ്രാം സ്വര്‍ണം നഷ്ടമായെന്നാണ് വിലയിരുത്തല്‍. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലം കൂടി വന്ന ശേഷം കണക്ക് കോടതിയെ അറിയിക്കും. വി.എസ്.എസ്.സിയിലെ പരിശോധനാ ഫലവും ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ ഫലവും വിലയിരുത്തിയാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക.