സി.വി. ആനന്ദബോസ്, സുകുമാരൻ നായർ Source: Facebook
KERALA

"വിവാദത്തിന് താൽപ്പര്യമില്ല, പങ്കുവച്ചത് പുഷ്പാർച്ചന നടത്താൻ കഴിയാത്തതിലുള്ള ദുഃഖം മാത്രം"; എൻഎസ്എസിനെതിരെയുള്ള ആരോപണം മയപ്പെടുത്തി സി.വി ആനന്ദബോസ്

ലഭിച്ചത് ഹൃദ്യമായ സ്വീകരണം എന്നും ബംഗാൾ ഗവർണർ

Author : പ്രണീത എന്‍.ഇ

മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്ന ആരോപണം മയപ്പെടുത്തി ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തെ കുറിച്ച് പരാതിയില്ലെന്നും ലഭിച്ചത് ഹൃദ്യമായ സ്വീകരണം എന്നും തിരുത്തിയിരിക്കുകയാണ് ബംഗാൾ ഗവർണർ. പുഷ്പാർച്ചന നടത്താൻ കഴിയാത്തതിന്റെ ദുഃഖം മാത്രമാണ് പങ്കുവച്ചത്. ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് ജി.സുകുമാരൻ നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ എത്തിയപ്പോൾ അനുവദിച്ചില്ലെന്നായിരുന്നു ആരോപണം. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും പുഷ്പാർച്ചനക്ക് അനുമതി നിഷേധിച്ചെന്നും സി.വി. ആനന്ദബോസ് നേരത്തെ ആരോപിച്ചിരുന്നു. മന്നം സ്മാരകം നിർമിക്കണമെന്നും അതിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ തയ്യാറാണെന്നും സി.വി. ആനന്ദബോസ് വ്യക്തമാക്കി.

അതേസമയം, സി.വി. ആനന്ദബോസിനെ തള്ളി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. അനുമതി ചോദിച്ച ആർക്കും നൽകാതിരുന്നിട്ടില്ല. പറ്റുമെങ്കിൽ ഒപ്പം പോയി പുഷ്പാർച്ചന നടത്തുന്നതാണ് രീതി. ഗവർണർ ആകുന്നതിന് മുമ്പാണ് ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുള്ളത്. അതിന് ശേഷം വരികയോ കാണുകയോ ചെയ്തിട്ടില്ല. മോഹൻലാലിന് അനുമതി നൽകിയില്ല എന്ന് മുമ്പ് വാർത്തകൾ വന്നിരുന്നു. എന്നാൽ, മോഹൻലാൽ ഉദ്ഘാടനത്തിനാണ് വന്നത്. താനും മോഹൻലാലിനൊപ്പം പോയാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയത്. പതക്കവും നൽകിയ ശേഷമാണ് മോഹൻലാലിനെ മടക്കി അയച്ചത്. അനുമതി ചോദിക്കുന്ന ആർക്കും നിഷേധിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

SCROLL FOR NEXT