പ്രിയ അജയൻ Source: Facebook
KERALA

"സന്ദീപ് വാര്യരെ പോലെ മെച്ചപ്പെട്ട ഓഫർ വന്നുകാണും"; ബിജെപി വിട്ടതോടെ പാലക്കാട് മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപം

ബിജെപിയിൽ നിന്നാൽ കക്കാൻ പറ്റില്ലല്ലോ എന്നും കമൻ്റുകളുണ്ട്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് ഫേസ്ബുക്കിലൂടെ അറിയച്ചതിന് പിന്നാലെയാണ് പ്രിയ അജയനെതിരെ സൈബർ ആക്രമണമുണ്ടായത്. ബിജെപിയിൽ നിന്നാൽ കക്കാൻ പറ്റില്ലല്ലോ എന്നാണ് പ്രിയ അജയൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വന്ന കമൻ്റ്. പ്രിയ അജയൻ അവസരവാദിയെന്നും കമന്റുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു എന്നറിയിച്ചുകൊണ്ട് പ്രിയ അജയൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. കയ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിതെന്നും സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പോകുമ്പോൾ പ്രസ്ഥാനത്തിന്റെ പള്ളക്ക് കുത്തിയിട്ട് പോകണമായിരുന്നോ എന്നാണ് കമൻ്റ് ബോക്സിൽ ഉയർന്ന ചോദ്യം.നാല് പേര് അറിയാൻ കാരണമായത് പ്രസ്ഥാനമല്ലേ, സന്ദീപ് വാര്യരെ പോലെ മെച്ചപ്പെട്ട ഓഫർ വന്നുകാണും, പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മുകളിൽ വളരെ അനുവദിക്കരുത് ഇങ്ങനെ നീളുന്നു അധിക്ഷേപ കമൻ്റുകൾ.

രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നുവെന്നായിരുന്നു പ്രിയ അജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കയ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിതെന്ന് മുൻ ചെയർപേഴ്സൺ കുറിപ്പിൽ പറയുന്നു. "രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട്," പ്രിയ അജയൻ കുറിച്ചു.

അതേസമയം പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി ധാരണയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നതായാണ് സൂചന. ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്. പ്രശാന്ത് ശിവനും മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയപ്പോൾ ചെയർപേഴ്സൺ പ്രമീള ശശിധരൻ , വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് എന്നിവരെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി.

SCROLL FOR NEXT