താര ടോജോ അലക്സ്, രാഹുൽ മാങ്കൂട്ടത്തിൽ Source: Facebook/ Tara Tojo Alex, Rahul Mamkootathil
KERALA

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം

കടുത്ത അശ്ലീല പരാമർശങ്ങളും ഇക്കൂട്ടർ വനിതാ നേതാവിനെതിരെ ഉയർത്തുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചത് അടക്കമുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് വനിതാ നേതാവ് താര ടോജോ അലക്സിനെതിരെ സൈബർ ആക്രമണം. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കടുത്ത അശ്ലീല പരാമർശങ്ങളും ഇക്കൂട്ടർ വനിതാ നേതാവിനെതിരെ ഉയർത്തുന്നുണ്ട്.

താരയെ ഒറ്റുകാരിയാണെന്നും ഇടതു സർക്കാരിൻ്റെ ഭരണത്തിലുള്ള കൊള്ളയെ കഴിഞ്ഞ അഞ്ച് വർഷം തുറന്നുകാട്ടിയ യുവാവിനെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒറ്റിയെന്നുമാണ് ഷഹന കുര്യൻ എന്ന ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വിമർശിക്കുന്നത്. "ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. പക്ഷെ വെള്ളം കോരുന്നത് നമ്മുടെ ഇടയിൽ നിന്നുള്ളവർ തന്നെയാകുമ്പോൾ ഈ പ്രസ്ഥാനത്തെ തകർക്കുകയല്ലേ?," എന്നിങ്ങനെയാണ് വിമർശനം.

"ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ചു സീറ്റ് ഒപ്പിക്കാൻ നോക്കിയ യൂദാസിൻ്റെ സ്ത്രീ രൂപത്തെ കോൺഗ്രസിൻ്റെ എല്ലാ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടുണ്ട്. ഇനി ഓള് സ്ഥിരമായി കമ്മ്യൂണിക്കേഷൻ നടത്തുന്ന പോൺ കുമാരനുമായി ചേർന്ന് ഗ്രൂപ്പുകൾ തുടങ്ങി അവിടെ ചർച്ചിക്കട്ടെ എന്ന് തീരുമാനമെടുത്ത സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ," എന്നിങ്ങനെ പോകുന്നു കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ.

കഴിഞ്ഞ ദിവസമാണ് താര ടോജോ അലക്സ് രാഹുലിനെ വിമർശിച്ച് കൊണ്ട് ദീർഘമായൊരു കുറിപ്പ് ഫേസ്ബുക്കിലിട്ടത്. 'പാർട്ടിയിൽ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭക്കേസിലും പെണ്ണ് കേസിലും പെടുത്തി നശിപ്പിക്കുന്നു' എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും, ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രേരിപ്പിച്ചത് എന്താണെന്നും താര ഫേസ്ബുക്കിലൂടെ ചോദ്യമുയർത്തിയിരുന്നു. ഇത് വിവിധ മാധ്യമങ്ങളിലും വാർത്തയായിരുന്നു.

"എന്തുകൊണ്ടാണ് പരാതി പറയാത്തത്? എന്തുകൊണ്ടാണ് വെളിച്ചത്തു വരാത്തത്? എന്തുകൊണ്ടാണ് നേരത്തെ പറയാത്തത്... അതിക്രമത്തിനിരയായ പെൺകുട്ടികൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല... എന്തുകൊണ്ട് പേര് പറയുന്നില്ല...എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല.. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല...എന്നൊക്കെ വിലപിക്കുന്നതിന് മുമ്പ്, അത്തരത്തിൽ പുറത്തുവന്ന മനുഷ്യരോട് നമ്മൾ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഇനിയെങ്കിലും ആത്മ വിമർശനത്തോടെ ചിന്തിക്കാൻ സ്ത്രീയും പുരുഷനും അടങ്ങുന്ന ഇവിടുത്തെ സമൂഹം തയ്യാറാകണം," എന്നിങ്ങനെയായിരുന്നു താരയുടെ വിമർശനം.

SCROLL FOR NEXT