കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. നിരവധി പേരാണ് മമ്മൂട്ടിക്കെതിരെ പ്രതിഷേധ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോടുള്ള മമ്മൂട്ടിയുടെ പ്രതികരണവും, ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിൻ്റെ പങ്കിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയുമാണ് പ്രതിഷേധത്തിന് കാരണം.
ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം കൂടെ നടന്നപ്പോൾ ''നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എൻ്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും'' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ എതിർത്തും കെ. റഫീഖിന് പിന്തുണ അറിയിച്ചും കമൻ്റുകൾ ഇട്ടത്.