വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എം ഡി ഡോ.ദിവ്യ എസ്. അയ്യർക്കെതിരെ സൈബർ ആക്രമണം. ഭർത്താവും മുൻ എംഎൽഎയുമായ ശബരിനാഥൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് മോശം കമൻ്റുകൾ കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു ഷെയർ ചെയ്തിരുന്നത്. കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണ് കൂടുതലും കമന്റുകൾ എന്നാണ് കണ്ടെത്തൽ.
പോസ്റ്റ് പങ്കുവച്ച് ബിനീഷ് കോടിയേരി രംഗത്തെത്തിയിരുന്നു. ഇതൊന്നും സൈബർ ആക്രമണമായി തോന്നുന്നില്ലേയെന്ന് ചോദിച്ചായിരുന്നു ബിനീഷിൻ്റെ പ്രതികരണം. ഇത്തരം പ്രതികരണങ്ങൾ ശബരിനാഥൻ്റെ വളർച്ചയ്ക്ക് തടയിടാനുള്ള ശ്രമമെന്നും വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം;
" ജി കാർത്തികേയൻ്റെ മകനും മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ശബരിനാഥൻ തൻറെ കുട്ടിയെ ഒന്നാം ക്ലാസിൽ ചേർത്തതിന്റെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു, ഭാര്യയും കുട്ടിയും ഉൾപ്പെടെയുള്ള ഒരു സെൽഫിയും കുട്ടിയുടെ രണ്ട് ചിത്രവുമാണ് ശബരിനാഥ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്, ആ പോസ്റ്റിൻ്റെ അടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ കമന്റുകൾ നിങ്ങളൊന്നു വായിക്കണം. ശബരിനാഥിന്റെ കുഞ്ഞിനെയും ഭാര്യയെയും എത്ര നീചമായാണ് കോൺഗ്രസ് സൈബർ ഗ്യാങ്ങുകൾ ആക്രമിക്കുന്നത്,
ശബരിനാഥ് കോൺഗ്രസിലെ വളർന്നുവരുന്ന നേതാവാണ് അതിന് തടയിടാൻ വടക്കുനിന്നുള്ള ഒരു യുവ എംപിയും എംഎൽഎയും കൂടെ ചെയ്യുന്ന കളികളാണ് ഇതൊക്കെ എന്നാണ് കോൺഗ്രസുകാര് തന്നെ പറയുന്നത്.
ഇതൊന്നും നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്ക് സൈബർ ആക്രമണം അല്ല അല്ലെ? "
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായതോടു കൂടി കോൺഗ്രസ് അനുകൂലികളിൽ നിന്ന് ഏറെ വിമർശനങ്ങൾ ദിവ്യ. എസ് അയ്യർ ഏറ്റുവാങ്ങിയിരുന്നു. നേരത്തേ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ദിവ്യ എസ്. അയ്യരുടെ അഭിനന്ദനപോസ്റ്റ് വിവാദമായിരുന്നു. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെത് ഓർക്കണം എന്നതുൾപ്പെടെയുള്ള വിമർശനങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം രംഗത്തു വന്നിരുന്നു.