കാനഡയില്‍ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം എത്തിച്ചത്.
ജൂലൈ എട്ടിന് കനേഡിയന്‍ പ്രവിശ്യയായ മാനിറ്റോബയിലെ സ്റ്റെയിന്‍ബാച്ചിന് തെക്ക് ആകാശത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാനഡ സ്വദേശിയായ സാവന്ന മെയ് റോയ്‌സ് എന്ന പെണ്‍കുട്ടിയും മരിച്ചിരുന്നു. പരിശീലന പറക്കലിനിടെ സിംഗിള്‍ എഞ്ചിന്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വിമാനങ്ങളില്‍ റേഡിയോകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് പൈലറ്റുമാരും പരസ്പരം കണ്ടില്ലെന്നാണ് കരുതുന്നതെന്നാണ് ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ പ്രസിഡന്റ് ആദം പെന്നര്‍ പറഞ്ഞു. ഇരുവരും ചെറിയ സെസ്‌ന വിമാനങ്ങളില്‍ പറന്നുയരാനും ഇറങ്ങാനും പരിശീലിക്കുകയായിരുന്നു.
എന്നാല്‍ ആശയവിനിമയം പാളി ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് റണ്‍വേയില്‍ നിന്നും നൂറ് യാര്‍ഡ് അകലെ വെച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ചതെന്നും ആദം പെന്നര്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
തൃപ്പൂണിത്തുറ ന്യൂ റോഡിലെ കൃഷ്ണ എന്‍ക്ലേവില്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് മരിച്ച ശ്രീഹരി.