തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിലെ പ്രതിയായ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നിവയടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സുകാന്തിന് ജാമ്യം അനുവദിച്ചത്.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിർണായക ഡിജിറ്റല്‍ തെളിവുകൾ പൊലീസ് വീണ്ടെടുത്തിരുന്നു. സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് പൊലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കി. ടെല്രഗാമിലാണ് ഇരുവരും ചാറ്റ് ചെയ്തത്. പ്രതി സുകാന്തിൻ്റെ ഐഫോണിൽ നിന്നാണ് പൊലീസ് ചാറ്റ് കണ്ടെടുത്തത്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി ഒൻപതിനാണ് ഈ സംഭാഷണം നടന്നത്. 'എനിക്ക് നിന്നെ വേണ്ടെ'ന്നും 'നീ ഒഴിഞ്ഞ് പോയെങ്കിൽ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റിൽ പറയുന്നുണ്ട്. 'നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നൽകിയത്. എന്നാൽ അതിന് മുൻപ് തന്നെ യുവതി മരിക്കുകയായിരുന്നു.
പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തൻ്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് സ്വകാര്യതാ അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
മാര്‍ച്ച് 24നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 കാരിയായ യുവതിയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതി യൂണിഫോമിലാണ് ഇവിടേക്ക് എത്തിയത്. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു.