എസ്എംഎ മരുന്ന് മാറ്റത്തെച്ചൊല്ലി ഇന്ന് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷം വാദിക്കുന്നത് ബഹുരാഷ്ട്ര കുത്തകയ്ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ജനറിക് മരുന്നിനെ പ്രതിപക്ഷം എപ്പോഴാണ് എതിർത്തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ തിരിച്ചടിച്ചു. ജനറിക് മരുന്ന് കൊടുത്തതല്ല പ്രതിപക്ഷത്തിന്റെ പ്രശ്നമെന്നും കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്നത് ആരാണെന്ന് പൊതുസമൂഹം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ കേരളത്തെ മാറ്റും എന്ന് പറയുന്നത് പിന്നോട്ട് നയിക്കലാണെന്നും അതാണിപ്പോൾ സംസ്ഥാനത്ത് സംഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവും സഭയിൽ വ്യക്തമാക്കി.
നാർക്കോ ഫാർമയിൽ നിന്ന് ഒന്നരക്കോടി രൂപ സിപിഐഎം സംഭാവനയായി വാങ്ങിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ ആരോപണം ഉയർത്തി. ഗുണനിലവാരം ഇല്ലാത്ത ഉപകരണങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിക്കൂട്ടിയെന്നും മന്ത്രി വിമർശിച്ചു. ഇലക്ട്രൽ ബോണ്ട് വഴി നാർക്കോ ഫാർമ കോൺഗ്രസിന് നൽകിയത് 12 കോടി 25 ലക്ഷമാണ്, അതാണ് ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമെന്നും പിണറായി വിജയൻ വിമർശനത്തെ പ്രതിരോധിച്ചു.
ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് അടക്കം എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ ദുർചെലവ് ആണെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. ആവശ്യമില്ലാത്ത ആക്ഷേപം ഉന്നയിക്കരുതെന്നും മന്ത്രി അവിടം സന്ദർശിക്കണമെന്നും പിണറായി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഭൂമി അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്കായി കടമെടുക്കുന്നത് എങ്ങനെ പാതകമാകുമെന്ന് പിണറായി വിജയൻ സഭയിൽ ചോദിച്ചു. നിങ്ങളും കടമെടുക്കുന്നില്ലേ ? നാവിന് എന്തും പറയാനുള്ള ശേഷിയുണ്ടെന്ന് കരുതി അത് സഭയിൽ പറയരുത്, അങ്ങ് ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണെന്നും പിണറായി വിജയൻ ആരോഗ്യമന്ത്രിയോട് പറഞ്ഞു.
ഔഷധി ചെയർപേഴ്സൺ ആയിരിക്കേ ശോഭനാ ജോർജ് നടത്തിയ സൗന്ദര്യ ചികിത്സ സഭയിൽ ഇന്ന് ചർച്ചയായി. അന്വേഷണത്തിൽ സുഖചികിത്സ നടന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ശോഭനാ ജോർജ് സൗന്ദര്യ ചികിത്സ നടത്തിയത് ഔഷധിയുടെ നിയമാവലികൾ കാറ്റിൽപ്പറത്തിയെന്ന് കെ. മുരളീധരൻ പറഞ്ഞു.