ജി. സുകുമാരൻ നായർ, തിരുവഞ്ചൂർ രാധകൃഷ്ണൻ Source: Facebook
KERALA

ഇടതിനോട് ചേർന്ന് എൻഎസ്എസ്; സംഘടനയുമായി യാതൊരു തർക്കവുമില്ലെന്ന് തിരുവഞ്ചൂർ; തുടർനടപടിയിൽ കോൺഗ്രസിൽ തിരക്കിട്ട ചർച്ച

എൻഎസ്എസുമായി കോൺഗ്രസ്സിന്റെ സംഘടന ചുമതലയുള്ള കെസി വേണുഗോപാലോ വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയോ ചർച്ച നടത്തും

Author : ന്യൂസ് ഡെസ്ക്

ഇടതിനോട് ചേർന്നുള്ള എൻഎസ്എസ് നിലപാടിൽ തുടർനടപടികൾ എന്തുവേണമെന്നതിൽ കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. എൻഎസ്എസുമായി കോൺഗ്രസ്സിന്റെ സംഘടന ചുമതലയുള്ള കെസി വേണുഗോപാലോ വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയോ ചർച്ച നടത്തും. ശബരിമല വിഷയത്തിൽ ഉൾപ്പെടെ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് എൻഎസ്എസിനോട് നേരിട്ട് വ്യക്തമാക്കും. വിശ്വാസ സമൂഹത്തോടൊപ്പമാണ് കോൺഗ്രസും യുഡിഎഫും എന്നുള്ളതും എൻഎസ്എസിനെ ധരിപ്പിക്കും.

എൻഎസ്എസുമായി ഒരു തർക്കവുമില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പക്ഷം. വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസുമായി ഒരുമിച്ചാണ്. സർക്കാരാണ് യുടേൺ മറിഞ്ഞ് താഴേക്ക് വന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

"വിശ്വാസ സംരക്ഷണത്തിൽ എൻഎസ്എസുമായി ഒരുമിച്ചാണ്. എൻഎസ്എസുമായി പണ്ടും തർക്കമില്ല നാളെയും തർക്കത്തിന് പോകാനില്ല. സർക്കാരാണ് യുടേൺ മറിഞ്ഞ് താഴേക്ക് വന്നത്.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കട്ടെ.കേസുകൾ പിൻവലിക്കട്ടെ," തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എല്ലാ സാമുദായിക സഘടനകളുമായും കോൺഗ്രസിനുള്ളത് സൗഹാർദ്ദപരമായ നിലപാടാണെന്നാണ് കെ. മുരളീധരൻ്റെ പ്രസ്താവന. എൻഎസ്എസിന്റേത് അവസരവാദ നിലപാടാണെന്ന് പറയില്ല.സാമുദായിക സംഘടനകൾക്ക് അനുകൂലിച്ചും പ്രതികൂലിച്ചും തീരുമാനമെടുക്കാം.നിലപാടുമായി മുന്നോട്ടു പോകുമ്പോൾ അംഗീകാരം ഉണ്ടായാലും തിരിച്ചടി ഉണ്ടായാലും നേരിടാനുള്ള ശക്തി കോൺഗ്രസിനുണ്ടെന്നും കോൺഗ്രസ് എടുത്ത നിലപാടിൽ മാറ്റമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

അതേസമയം എൻഎസ്എസിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കരുതെന്നാണ് നേതൃത്വത്തിൽ ധാരണ. താക്കോൽ സ്ഥാനങ്ങളിൽ എൻഎസ്എസിന് വേണ്ടപ്പെട്ടവരെ നിയോഗിക്കുന്ന കാര്യത്തിൽ എൻഎസ്എസ് നിലപാട് പറഞ്ഞാൽ കോൺഗ്രസ് എന്തു മറുപടി പറയും എന്നുള്ളതാണ് പ്രധാനം.

SCROLL FOR NEXT