എ. കെ. ആൻ്റണി Source: News Malayalam 24x7
KERALA

എ. കെ. ആൻ്റണിയുടെ വാർത്താ സമ്മേളനം; ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിയമസഭയിൽ ചൂടേറിയ ചർച്ച

വിലക്കയറ്റത്തിലെ അടിയന്തര പ്രമേയ ചർച്ചകൾക്ക് ഇടെയാണ് ശിവഗരി വിഷയവും ചർച്ചയിൽ വന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിയമസഭയിൽ ചൂടേറിയ ചർച്ച. പ്രതിരോധിക്കാൻ ആരും വന്നില്ലെന്നാണ് ആൻ്റണി പറഞ്ഞതെന്ന് മന്ത്രി പി. രാജീവ്. പത്രസമ്മേളനത്തിൽ ആൻ്റണി പറഞ്ഞത് അദ്ദേഹത്തിൻ്റെ വിഷമമെന്ന് വി. ജോയ് എംഎൽഎ പറഞ്ഞു. ശിവഗിരിയിൽ നടന്ന നരനായാട്ടിന് മറുപടി പറയേണ്ടത് ആരാണെന്നും വി. ജോയിയുടെ ചോദ്യമുന്നയിച്ചു.

എ. കെ. ആൻ്റണി ചില ഭാഗങ്ങൾ മാത്രമേ പറഞ്ഞുള്ളൂ എന്നും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകളെ കുറിച്ച് വേണമെങ്കിൽ നമുക്ക് വേറെ ചർച്ച ചെയ്യാം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് പുറത്തുള്ള ചർച്ച വേണ്ടെന്ന് പറഞ്ഞൊഴിയുകയാണ് വി. ഡി. സതീശൻ ചെയ്തത്. വിഷയമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരാൻ അനുവദിക്കരുതെന്ന് എന്ന നിലപാടാണ് വി. ഡി. സതീശൻ്റെ പ്രതിരോധത്തിൽ നിന്നും വ്യക്തമാകുന്നത്. വിലക്കയറ്റത്തിലെ അടിയന്തര പ്രമേയ ചർച്ചകൾക്ക് ഇടെയാണ് ശിവഗരി വിഷയവും ചർച്ചയിൽ വന്നത്.

ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിലവിലുള്ള മഠം ഭരണസമിതി രണ്ട് തട്ടിലാണ്. ആൻ്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്. പൊലീസ് നടപടി അനിവാര്യമായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ് നടപടിയും ഉണ്ടായതെന്നും അന്ന് പ്രകാശാനന്ദ പക്ഷത്ത് ഉണ്ടായിരുന്ന സച്ചിദാനന്ദ പറഞ്ഞു.

അതേസമയം, പൊലീസ് നടപടികളെ ന്യായീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി എ. കെ. ആൻ്റണി നടത്തിയ വാര്‍ത്ത സമ്മേളനം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിരോധിക്കാന്‍ ഇറങ്ങി രണ്ട് സംഭവങ്ങളിലും എ. കെ. ആൻ്റണി മാപ്പ് പറഞ്ഞത് കുറ്റസമ്മതമായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തപ്പെടുന്നുണ്ട്.

SCROLL FOR NEXT