മരിച്ച ദീപക് 
KERALA

ദീപകിൻ്റെ മരണം: വീഡിയോ പങ്കുവച്ച യുവതിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി കുടുംബം

ദീപക്കിന്റെ മരണത്തിലേക്ക് നയിച്ചത് യുവതിയുടെ ക്രൂരതയെന്നും കുടുംബം

Author : പ്രണീത എന്‍.ഇ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള പ്രചാരണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതിൽ നിയമവഴിയിൽ കുടുംബം. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകി. ദീപക്കിന്റെ മരണത്തിലേക്ക് നയിച്ചത് യുവതിയുടെ ക്രൂരതയാണെന്നും യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രവർത്തിയെന്നും പരാതിയിൽ പറയുന്നു.

യുവതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങൾ ദീപക്കിനെ മാനസികമായി തളർത്തിയെന്നാണ് കുടുംബം പറയുന്നത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. യുവതി സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് ദീപക്കിനെ മാനസികമായി തളർത്തിയത്. മറ്റൊരു പ്രശ്നങ്ങളും ദീപക്കിനുണ്ടായിരുന്നില്ല. യുവതിക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി ദീപക്കിന്റെ ബന്ധു സനീഷ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും കലക്ടർ ഉൾപ്പെടെ പരാതി നൽകുമെന്നും ബന്ധു കൂട്ടിച്ചേർത്തു. വ്യക്തിഹത്യയെ തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീതി കിട്ടും വരെ പോരാടുമെന്നുമാണ് കുടുംബം പറയുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു.

പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.

SCROLL FOR NEXT