വിവാഹത്തിന് എച്ച്ഐവി സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭയുടെ മുഖപത്രം. 'എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല' എന്ന ഇന്നത്തെ ദീപിക മുഖപ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എച്ച്ഐവി ബാധിതരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും അത് ഒളിച്ചുവച്ച് വിവാഹം കഴിച്ച് പങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് ചതിയാണ്. അതിനാൽ എച്ച്ഐവി സർട്ടിഫിക്കറ്റ് വിവാഹത്തിൽ നിർബന്ധിതമാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞദിവസം ഇക്കാര്യം പ്രസംഗിച്ച മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിനെ പേര് പരാമര്‍ശിക്കാതെ തന്നെ പിന്തുണയ്ക്കുന്നതാണ് മുഖപ്രസംഗം.
മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍
കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റില്ലാതെ ട്രെയിനിൽ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേർപ്പെടുത്തിയ രാജ്യമാണിത്. പക്ഷേ, ഒരു ആയുഷ്കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാൻ, എയ്ഡ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാൻ വരെ മടിയില്ലാത്ത സ്ഥിതിയായി. അത്തരം വോട്ടുരാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനൊപ്പം, എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ആക്കുകയും വേണം. പല രാജ്യങ്ങളിലും അതു നടപ്പായി. കേരളം കാപട്യം കൈവെടിയണം.
മനുഷ്യന്റെ രോഗപ്രതിരോധശേഷിയെ തകർക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ആണ് കാരണം. ഇത് ലൈംഗികബന്ധത്തിലൂടെ പ്രധാനമായും പകരുമെങ്കിലും മയക്കുമരുന്നിന് ഉൾപ്പെടെ സിറിഞ്ചുകൾ കൈമാറുന്നവർക്കും പകരും. എച്ച്ഐവി ബാധിതരുടെ രക്തം സ്വീകരിച്ച ഒട്ടേറെപ്പേർക്കും ഇതു ബാധിച്ചിട്ടുണ്ട്. ഭർത്താക്കന്മാരുടെ രോഗമറിയാത്ത ഭാര്യമാരും അവർ മുലയൂട്ടിയ കുഞ്ഞുങ്ങളുമൊക്കെ ജീവിതകാലം മുഴുവൻ നരകിക്കേണ്ടിവന്നിട്ടുമുണ്ട്. അതായത്, എയ്ഡ്സ് രോഗികളെല്ലാം മയക്കുമരുന്നുപയോഗിക്കുന്നവരോ ലൈംഗിക അരാജകത്വത്തിൽ ജീവിച്ചവരോ അല്ല. അവർ അവമതിക്കപ്പെടേണ്ടവരുമല്ല. പക്ഷേ, ആരോഗ്യവാനായ മറ്റൊരാൾ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടാൻ പാടില്ല.
അതുകൊണ്ടാണ്, സ്ത്രീ-പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ ഇടയാക്കുന്ന എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു പറയുന്നത്. എച്ച്ഐവി ബാധിതരോട് എന്നപോലെ, തന്റേ തല്ലാത്ത കാരണത്താൽ അതു ബാധിക്കാനിടയുള്ളവരോടും രാജ്യത്തിനും സമൂഹത്തിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്.
എയ്ഡ്സിനു കാരണമായ എച്ച്ഐവി ബാധിതരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേതു മാത്രമാണ്; പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം മറ്റൊന്നില്ല. എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ചു വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണം.