ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സാംസ്കാരിക കൂട്ടായ്മകൾ. എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയിൽ എഴുത്തുകാരായ എൻ.എസ്. മാധവൻ, കെ.ആർ. മീര, സംവിധായകൻ ആഷിക് അബു, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങി കലാ, സാംസ്കാരിക, സംഗീത മേഖലകളിലെ നിരവധി പ്രതിഭകൾ പങ്കെടുത്തു. പനമ്പള്ളി നഗറിൽ റാപ്പർ വേടന്‍ ഉള്‍പ്പെടെ ഗായകര്‍ ജന്തർ മന്തർ സമരത്തിന് പിന്തുണയറിയിച്ച് പാടാനെത്തി.
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കു നേരെ ആരും അറിയാതെ യുഎപിഎ ചാർജ് ചെയ്താൽ അവർ ഒതുങ്ങിപ്പോകുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ അഭിപ്രായപ്പെട്ടു. അത് അനുവദിക്കരുത്, അവർക്ക് നമ്മൾ ശക്തി പകരണം. ആ അഗ്നി കെടാതെ സൂക്ഷിക്കണമെന്ന് എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മഹേഷ് നാരായണന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥക്ക് പ്രശ്നം ഉണ്ടാകുക എന്നത് തകർച്ചയുടെ തുടക്കമാണ്, പക്ഷേ നമ്മളിത് മറികടക്കും എന്നായിരുന്നു നടൻ ജോജു ജോർജിന്റെ പ്രതികരണം. വിദ്യാർഥി വേട്ടയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരേണ്ട കാലമാണെന്ന് സംവിധായകൻ ആഷിഖ് അബു. തല്ലുകൊണ്ട കുട്ടികൾ നമുക്ക് പ്രതീക്ഷ തരുന്നു. അവർക്ക് നന്ദിയെന്നും ആഷിഖ് അബു പറഞ്ഞു. രഞ്ജിനി ഹരിദാസ് ഡല്‍ഹിയിലെ സമരാനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയ്ക്ക് ഒരു മാറ്റം വേണമെന്ന് തീരുമാനിച്ചത് ജെൻ സികൾ. പ്രതിഷേധത്തിന് പിന്തുണ ഏറുകയാണെന്നും രഞ്ജിനി പറഞ്ഞു.
വിദ്യാർഥികളെ തല്ലുന്നവരുടെ കൂട്ടത്തിൽ പൊലീസ് മാത്രമല്ല ഈ നാട്ടിലെ പൗരന്മാരും ഉണ്ടായിരുന്നു എന്നുള്ളതാണ് വേദനിപ്പിച്ചതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു. മുഖം മറച്ച നിരവധി പേർ കുട്ടികളെ തല്ലാൻ കൂടി. ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിശബ്ദമാക്കാനുള്ള ശ്രമം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും നിശബ്ദതയ്ക്കു പകരം നിശബ്ദത മാത്രമാണ് വാങ്ങാനാവുകയെന്നും എഴുത്തുകാരി കെ.ആർ. മീര. പറഞ്ഞു.
കൊച്ചി പനമ്പിള്ളി നഗറിൽ 'ആസാദി, പാട്ടും പ്രതിഷേധവും' എന്ന പേരിലാണ് റാപ്പർമ്മാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വേടൻ, ഗബ്രി എന്നിവർ പങ്കെടുത്തു. നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ നീതി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നത്. ജനാധിപത്യ വിരുദ്ധ, രാജ്യ വിരുദ്ധ കേന്ദ്ര നടപടിക്കെതിരെയാണ് പ്രതിഷേധം. ജനാധിപത്യ വിശ്വാസികൾ പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്നും വേടൻ പറഞ്ഞു.