ഇടുക്കി: സർക്കാർ പട്ടയം ലഭിച്ച് 12 വർഷം പിന്നിട്ടിട്ടും ഇപ്പോഴും സ്വന്തമായി ഭൂമിയില്ലാതെ ഇടുക്കി വാഗമണ്ണിലെ 24 കുടുംബങ്ങൾ. തലമുറകളായി വാഗമണ്ണിലെ തണുപ്പിലും കുളിരിലും ജീവിക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് ഭൂമിയില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് ഇവർക്ക് പട്ടയം ലഭിച്ചത്.
ഭൂമിയിൽ അതിര് തിരിക്കാൻ എത്തിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ പട്ടയ ഭൂമിയാണെന്ന് കുടുംബങ്ങൾ അറിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം കണ്ടിരുന്ന 24 കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. സ്വകാര്യ വ്യക്തിയുടെ പേരിലുള്ള രണ്ടര ഏക്കറോളം ഭൂമിയിലാണ് സർക്കാർ പട്ടയം അനുവദിച്ചതെന്നാണ് ആക്ഷേപം.
ഇതോടെ ഒരു തുണ്ട് ഭൂമിയുടെ അവകാശത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ കുടുംബങ്ങൾ. വില്ലജ് ഓഫീസ് മുതൽ കളക്ട്രേറ്റ് വരെ കുടുംബങ്ങൾ കയറി ഇറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. ഇനിയെങ്കിലും സർക്കാർ ഇടപെട്ട് പട്ടയപ്രകാരമുള്ള ഭൂമി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.