എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിലെ വിശദാംശങ്ങൾ പുറത്ത്. സിപിഐഎം നേതാക്കളുടെ വാഹനം മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് തെളിയിക്കാനായില്ല. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ല. ഗൂഢാലോചന തെളിയിക്കാനുള്ള സാക്ഷികളെ സിബിഐക്ക് ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.
അധിക അവസരം നല്‍കിയിട്ടും രണ്ട് പ്രധാന സാക്ഷികളെ വാദിഭാഗത്തിന് ഹാജരാക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായി. മൂന്ന് പ്രധാന സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. സിപിഐഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രധാന സാക്ഷിയുടെ മൊഴിയിൽ ഇല്ല. പ്രധാന പ്രതികളുടെ കോള്‍ രേഖകള്‍ സിബിഐ ശേഖരിച്ചില്ലെന്നും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രസ്താവിച്ച വിധിയിൽ പറയുന്നു.
പ്രതികളായ ദിനേശന്റെയും സിഎന്‍ മോഹനന്റെയും ഫോണുകള്‍ പിടിച്ചെടുത്തില്ല. ഫോണുകള്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമിച്ചില്ല. ഇതിന് വിശദീകരണം നല്‍കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കത്തി ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച മഹസര്‍ വിശ്വസനീയമല്ല. പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതര വീഴ്ച പറ്റി. പല പ്രതികളുടെയും പേരുകള്‍ സാക്ഷികളോട് വെളിപ്പെടുത്തിയെന്നും കോടതിവിധിയിൽ പറയുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഏഴ് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് രണ്ടുവർഷം തടവുശിക്ഷയാണ് വിധിച്ചത്.