ദേവപ്രയാ​ഗ് 
KERALA

മരണത്തിലും തണലായി ഒൻപതുകാരൻ; നിലമേൽ അപകടത്തിൽ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങൾ ദാനം ചെയ്തു

തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാ​ഗ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒൻപത് വയസുകാരൻ ദേവപ്രയാ​ഗിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാ​ഗ്. ദേവപ്രയാ​ഗിൻ്റെ ഒരു വൃക്കയും, കരളും, ഹൃദയവാൽവും, രണ്ട് നേത്ര പടലങ്ങളും, തുടങ്ങി അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.

ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോ​ഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോ​ഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേ രോ​ഗിക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാ​ഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഡിസംബർ 15ന് ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങവേ കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ദേവപ്രയാ​ഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണു​ഗോപാലും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. അതീവ​ ഗുരുതരാവസ്ഥയിലായിരുന്ന ദേവപ്രയാ​ഗിനെയും മൂന്നുപേരേയും ഉടൻ തന്നെ ​വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില വഷളായതിന് പിന്നാലെ ദേവപ്രയാ​ഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് ദേവപ്രയാഗിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ശാന്തിനികേതൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു ദേവപ്രയാ​ഗ്.

SCROLL FOR NEXT