KERALA

ശബരിമല യുവതി പ്രവേശന കേസ്: സത്യവാങ്മൂലം പുനഃപരിശോധിക്കും, നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ്

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ പ്രകാരമുള്ള നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മാറ്റത്തിൻ്റെ സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് ദേവസ്വം ബോർഡ്. വിഷയം നിയമ വിദഗ്ധരുമായി ആലോചിക്കും. അതിനുശേഷം ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ പ്രകാരമുള്ള നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

അതേസമയം, വിശ്വാസികളും ജനപ്രതിനിധികളും പങ്കെടുക്കുന്ന അയ്യപ്പസംഗമത്തിൽ തമിഴ്നാട് ഉൾപ്പെടെ ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയ എൻഎസ്എസിൻ്റെയും എസ്എൻഡിപിയുടെയും നിലപാട് വെറുതെയല്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രശാന്തിൻ്റെ വാക്കുകൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരെ നേരിൽക്കണ്ട് പിന്തുണ ഉറപ്പിച്ച ശേഷമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവനും പ്രശാന്തും അയ്യപ്പസംഗമത്തെ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇരുവരോടും സത്യവാങ്മൂലം മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പ് നൽകിയതായാണ് വിവരം. അയ്യപ്പ സംഗമത്തെ പിന്തുണച്ച് ശിവഗിരി മഠം ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ രംഗത്തെത്തി.

ഈ മാസം 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ദക്ഷിണേന്ത്യൻ സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഏഴ് മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനം വഴി ഭക്തർക്ക് രജിസ്റ്റർ ചെയ്യാം. വിദേശത്തുള്ള പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എതിർ നിലപാട് അറിയിച്ച ബിജെപി നേതാക്കളുൾപ്പെടെയുള്ളവരോട് ആശയവിനിമയം നടത്തുമെന്നും പ്രശാന്ത് വ്യക്തമാക്കി. അതേസമയം വിഷയത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.

SCROLL FOR NEXT