ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം തട്ടാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ. കോൺഗ്രസ് നേതാവ് കൂടിയായ രാകേഷ് കൃഷ്ണനാണ് പിടിയിലായത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. രാകേഷ് കൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ബോർഡ് അധികൃതർ നിർദേശം നൽകി.
ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡൻ്റ് കൂടിയാണ് രാകേഷ് കൃഷ്ണൻ. ഇന്ന് രാവിലെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ജനുവരി മാസത്തിലെ കാണിക്കയെണ്ണുന്നതിനിടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സിസിടിവി ക്യാമറകളുണ്ടായിരുന്നെങ്കിലും, ഇവയൊന്നും പ്രവർത്തിച്ചിരുന്നില്ല.
ഹരിപ്പാട് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. രാകേഷ് കൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ബോർഡ് അധികൃതർ സബ് ഗ്രൂപ്പ് ഓഫീസർക്ക് നിർദേശം നൽകി. ഇത്തരം തട്ടിപ്പ് പതിവാണെന്ന പരാതിയും നേരത്തെയുണ്ട്.
കോൺഗ്രസ് നേതാവ് കൂടിയാണ് പിടിയിലായ രാകേഷ് കൃഷ്ണൻ. 2021ൽ കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റ് ആയിരുന്നു രാകേഷ് കൃഷ്ണൻ.