തിരുനെല്ലി ക്ഷേത്രം Source: Wikkipedia
KERALA

തിരുനെല്ലി ക്ഷേത്ര നിക്ഷേപം സർവീസ് സഹകരണ ബാങ്ക് തിരികെ നൽകിയില്ല ; നിയമനടപടിക്ക് ഒരുങ്ങി ദേവസ്വം

ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കെ പണം തിരികെ ലഭിക്കാത്തതിന് പിന്നാലെയാണ് ദേവസ്വം നീക്കം

Author : ന്യൂസ് ഡെസ്ക്

വയനാട്: തിരുനെല്ലി ക്ഷേത്രത്തിൻ്റെ നിക്ഷേപം, തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് തിരികെ നൽകാത്തത് വിവാദമായതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങി ദേവസ്വം. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കെ പണം തിരികെ ലഭിക്കാത്തതിന് പിന്നാലെയാണ് ദേവസ്വം നീക്കം. എന്നാൽ 17 കോടിയിൽ 9 കോടി രൂപയും തിരികെ നൽകി എന്നും ബാക്കി തുക നൽകാൻ സാവകാശം നേടിയിട്ടുണ്ടെന്നുമാണ് ബാങ്കിൻ്റെ വാദം.

ഏഴ് പതിറ്റാണ്ടുകളായി തിരുനെല്ലി ക്ഷേത്രത്തിൻറെ നിക്ഷേപങ്ങളെല്ലാം തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലാണ്. 2022ലെ 17 കോടിയുടെ നിക്ഷേപം ദേശസാൽകൃത ബാങ്കിലേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഘട്ടം ഘട്ടമായി 9 കോടി രൂപ ബാങ്ക് നൽകിയെങ്കിലും ബാക്കി 5 ബാങ്കുകളിൽ നിന്നായി കോടികളാണ് ലഭിക്കാനുള്ളത്. പണം നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങളില്ലെന്നും പണം ലഭിക്കാനായി നടപടികൾ സ്വീകരിക്കുമെന്നും തിരുനെല്ലി എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നു.

എട്ട് കോടി രൂപ തിരിച്ച് നൽകാൻ സാവകാശം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് ബാങ്ക് അധികൃതരുടെ മറുപടി. എന്നാൽ ശേഷിക്കുന്ന എട്ട് കോടി വിതരണം ചെയ്യാത്തതിനെതിരെ കോൺഗ്രസ്സും ബിജെപിയും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം രാഷ്ട്രീയമാണെന്നാണ് ബാങ്ക് ഭരണസമിതിയുടെ കുറ്റപ്പെടുത്തൽ. ഒക്ടോബർ 23 വരെയാണ് ബാങ്കിന് അനുവദിച്ചിരിക്കുന്ന സമയം. അതിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ നിയമനടപടികൾക്ക് ഒരുങ്ങാനാണ് ദേവസ്വത്തിന്റെ തീരുമാനം.

SCROLL FOR NEXT