തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആസൂത്രിതമായ അട്ടിമറിയോ തട്ടിപ്പോ നടന്നിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ബുക്കിങ് പൂർത്തിയായിട്ടും ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ടായതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചില ടൂർ ഓപ്പറേറ്റർമാർ അടുത്തടുത്ത ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച രേഖകൾ ദർശനത്തിനെത്തിയ സ്വാമിമാരുടേത് തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയുടെ എണ്ണവും വർധിപ്പിക്കും. പന്തളത്തും സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സ്പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം, ശബരിമലയിൽ ഭക്തജന തിരക്ക് വർധിക്കുന്നു. മണ്ഡലകാലം ആരംഭിച്ചശേഷം, ഇന്നലെയാണ് ഏറ്റവുമധികം തീർത്ഥാടകർ മലകയറിയത്. രാത്രി 12 മണിവരെ എൺപത്തി-രണ്ടായിരത്തിലേറെ പേർ ദർശനം നടത്തി. ഇന്നും രാവിലെ മുതൽ സമാനമായ തിരക്കാണ് സന്നിധാനത്ത് കാണുന്നത്. ഇതുവരെ 38,000 പേരാണ് മലകയറിയത്.