കേരള സർവകലാശാല Source: News Malayalam 24x7
KERALA

വിഭജന ഭീതി ദിനാചരണം: സർക്കുലർ തിരുത്തിയ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ രാജിവച്ചു

വിസിയുടെ നിർദേശപ്രകാരമാണോ തിരുത്തിയ സർക്കുലർ പുറപ്പെടുവിച്ചത് എന്ന ചോദ്യത്തിന് ഉരുണ്ട് കളിക്കുകയായിരുന്നു മോഹനൻ കുന്നുമ്മൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണ നിർദേശത്തിൽ കേരള സർവകലാശാലയിൽ ആശയക്കുഴപ്പം. വിഭജന ഭീതി ദിനം ഓഗസ്റ്റ് 14ന് നടത്തണമെന്ന ആദ്യ സർക്കുലർ പിൻവലിച്ചു. അധികാരികളുടെ നിർദേശാടിസ്ഥാനത്തിൽ തുടർ തീരുമാനം സ്വീകരിക്കാമെന്ന പുതിയ സർക്കുലർ പുറപ്പെടുവിച്ച കോളേജ് ഡെവലപ്മെൻ്റ് ഡയറക്ടർ രാജി കത്ത് നൽകി.

ഡോ. വി ബിജു, വിസിയെ നേരിട്ട് കണ്ട് സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനം സ്വീകരിക്കാമെന്നുമായിരുന്നു തിരുത്തിയ സർവകലാശാല സർക്കുലറിൽ പറഞ്ഞത്.

വിസിയുടെ നിർദേശപ്രകാരമാണോ തിരുത്തിയ സർക്കുലർ പുറപ്പെടുവിച്ചത് എന്ന ചോദ്യത്തിന് ഉരുണ്ട് കളിക്കുകയായിരുന്നു മോഹനൻ കുന്നുമ്മൽ. നിലപാട് മയപ്പെടുത്തിയ സർക്കുലറിനെക്കുറിച്ച് പുറപ്പെടുവിച്ച വ്യക്തിയ്‍ക്കേ അറിയൂ എന്നും മോഹനൻ കുന്നുമ്മൽ മറുപടി നൽകി.

കഴിഞ്ഞ ദിവസമാണ് ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ രംഗത്തെത്തിയത്. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകുകയായിരുന്നു. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികൾ സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്നാണ് രാജ്‌ഭവൻ അറിയിച്ചത്.

ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സർക്കുലറിലൂടെ ഗവർണർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇത്തരം അജണ്ടകള്‍ നടപ്പാക്കാനുള്ള വേദിയായി സര്‍വകലാശാലകളെ വിട്ടുകൊടുക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തിന് പുറമേ മറ്റൊരു ദിനാചരണം എന്ന ആശയം സംഘപരിവാറിന്റെത്. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT