KERALA

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം; കെഎസ്‌യു നേതാക്കളെ മുഖംമൂടിയിട്ട് കോടതിയിൽ ഹാജരാക്കിയതിൽ ഉത്തരവിട്ട് ഡിജിപി

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഡിജിപിയുടെ നിർദേശം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് നിർദേശം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഡിജിപിയുടെ നിർദേശം.

തൃശൂരിൽ എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കെഎസ്‌യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽഅമീൻ , അസ്ലം കെ.എ. എന്നിവരെയാണ് രാവിലെ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിരികെ കൊണ്ടുപോകുമ്പോഴും മുഖംമൂടി ധരിപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു.

സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ പ്രതിഷേധ മാർച്ചും കെഎസ്‌യു നടത്തിയിരുന്നു. മാർച്ചിൽ പൊലീസും കെഎസ്‌യു നേതാക്കളും തമ്മിൽ സംഘ‍ർഷമുണ്ടാവുകയും പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചിരുന്നു. ഇതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

SCROLL FOR NEXT