സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില നൽകിക്കൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അഴിമതി നടത്തുന്നതായി ആരോപണം. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടർ ക്യാമ്പിലെ മോട്ടോർ വാഹന വിഭാഗത്തിലാണ് ക്രമക്കേട് നടക്കുന്നത്. ചട്ടവിരുദ്ധമായി തുടരുന്ന ഉദ്യോഗസ്ഥനെതിരെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
നിരന്തരമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിനാൽ പൊലീസിലെ മോട്ടോർ വാഹന വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥനെയും ഒരേ പോസ്റ്റിൽ തുടരാൻ അനുവദിക്കരുതെന്നായിരുന്നു നിർദേശം. നിരന്തരമായ അഴിമതി ആരോപണങ്ങളുടെയും വിജിലൻസ് റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് 2023 നവംബർ 13ന് സംസ്ഥാന പൊലീസ് മേധാവി ഈ സർക്കുലർ ഇറക്കിയത്.
എന്നാൽ നന്ദാവനം സിറ്റി ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടർ ക്യാമ്പിലാണ് ഡിജിപിയുടെ നിർദേശത്തിന് ഒരു വിലയും കൽപ്പിക്കാതെ പോകുന്നത്. ക്യാമ്പിലെ മോട്ടോർ വാഹന വിഭാഗത്തിലെ അസിസ്റ്റൻ്റ് കമാഡൻ്റ് റൈറ്റർ തസ്തികയിൽ ഇരുപതാമത്തെ വർഷമാണ് 2005-ൽ നിയമിതനായ എഎസ്ഐ ഇർഷാദ് തുടരുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ലഭിച്ചില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തഴയുന്നതായാണ് ആക്ഷേപം.
ഒടുവിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്ന റിപ്പോർട്ട് നൽകി. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല.
വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ വാങ്ങുന്നത് ഉൾപ്പെടെ വലിയ ക്രമക്കേടുകൾ നടക്കുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ക്രമക്കേടുകൾ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും പലർക്കും വിഹിതം ലഭിക്കുന്നുണ്ടെന്നുമാണ് ഇതിനുപിന്നാലെ ഉയർന്നുവരുന്ന വിമർശനം.