KERALA

ശബരിമല സ്വര്‍ണക്കൊളള; അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയിൽ അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഉണ്ണികൃഷ്ണൻ പോറ്റി. ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.

ഹൈദരാബാദില്‍ ഒരു മാസത്തോളം സ്വര്‍ണപ്പാളി പൂജിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ പൂജിക്കാന്‍ സൂക്ഷിച്ചതാണെന്ന മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഹൈദരാബാദില്‍ പാളി ഏറ്റുവാങ്ങിയ നാഗേഷനെ കണ്ടെത്തി ചോദ്യം ചെയ്യുമെന്നും പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

അതേസമയം, ഇത്തവണ നടത്തിയ ദ്വാരപാലക ശിൽപ്പങ്ങളുടെ അറ്റകുറ്റപ്പണിയും അന്വേഷിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് 2025ലെ ഇടപാടും അന്വേഷണപരിധിയിൽ വരുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ദ്വാരപാലക ശിൽപ്പ പാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോയത്. 40 വർഷം ഗ്യാരൻ്റി പറഞ്ഞിരുന്ന പാളികളിലാണ് ആറാം വർഷം വീണ്ടും സ്വർണം പൂശിയത്.

ഇത്തവണയും ഉണ്ണിക്കൃഷ്ണൻ പോറ്റി തന്നെയാണ് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ മുൻകൈയ്യെടുത്തത്. ഇതിന് പിന്നിലും സ്വർണക്കൊള്ള തന്നെയായിരുന്നോ ലക്ഷ്യമെന്നാണ് എസ്ഐടി അന്വേഷിക്കുന്നത്.

SCROLL FOR NEXT