എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിൽ പറഞ്ഞു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തിയെന്നും ഹർജിയിൽ ആരോപണം. ബാലചന്ദ്ര കുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ നൽകി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് ആരോപിച്ചു. എറണാകുളം സെഷൻ കോടതി കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാൻ മാറ്റി.
ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകാൻ എറണാകുളം സെഷൻ കോടതിയുടെ ഉത്തരവിട്ടു. ജാമ്യാപേക്ഷയുടെ ഭാഗമായി പാസ്പോർട്ട് കോടതിയിൽ ഏൽപ്പിച്ചിരുന്നു. പുതിയ സിനിമയുടെ ഭാഗമായി വിദേശത്തേക്ക് പോകണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു ദിലീപ് പാസ്പോർട്ട് തിരികെ നൽകണമെന്ന് കോടതിയിൽ അപേക്ഷ നൽകിയത്. പുതിയ സിനിമ ഇന്ന് റിലീസായെന്ന് ദിലീപിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും അറിയിച്ചു. കുറ്റവിമുക്തനായതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് അറിയിച്ച കോടതി ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാൻ തീരുമാനമെടുത്തത്.