കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എല്‍സ 3 എന്ന കപ്പലില്‍ നിന്നുള്ള എണ്ണപ്പാട നീക്കാത്തതില്‍ അന്ത്യശാസനവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. ഉടന്‍ എണ്ണ നീക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എണ്ണപ്പാട നീക്കം ചെയ്യാന്‍ എം.എസ്.സി നിയോഗിച്ച T&T സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
എണ്ണ നീക്കം ചെയ്യാന്‍ നിയോഗിച്ച T&T സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറിയതാണ് പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്ന് എം.എസ്.സി പറയുന്നു. പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ ചുമതലപ്പെടുത്തിയെന്നും എം.എസ്.സി വ്യക്തമാക്കി. കപ്പല്‍ മുങ്ങിയ ഭാഗത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കണ്ടു തുടങ്ങിയെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ജൂലൈ മൂന്നിനുള്ളില്‍ എണ്ണ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം കണ്ടെത്തിയ എണ്ണപ്പാട നീക്കാന്‍ കഴിയാത്തതാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇത് വളരെ നേര്‍ത്തതാണെന്നും സ്വയം ഇല്ലാതാകാനാണ് സാധ്യതയെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
MSC എല്‍സ 3 കപ്പല്‍ അപകടത്തെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ നീക്കം. അപകടത്തേ തുടര്‍ന്ന്, കടലില്‍ ഏതാണ്ട് 3.7 കിലോമീറ്റര്‍ (2 നോട്ടിക്കല്‍ മൈല്‍) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടര്‍ന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്‌നറുകളില്‍ തേങ്ങയും 'ക്യാഷ്' എന്ന് എഴുതിയ നാല് കണ്ടെയ്‌നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്‌നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.