കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ കമൽ. വ്യത്യസ്തമായ സിനിമകളാണ് തനിക്ക് ഒപ്പം ശ്രീനിവാസൻ ചെയ്തത് എന്ന് സംവിധായകൻ ഓർമിച്ചു. അത്തരത്തിൽ പ്രതിഭാധനനായ വേറൊരു സിനിമാക്കാരനുണ്ടായിട്ടില്ലെന്നും കമൽ പറഞ്ഞു.
"മലയാള സിനിമയിൽ എനിക്ക് ഏറ്റവും സൗഹൃദമുണ്ടായിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ. ഞാൻ സിനിമാ ജീവിതം ആരംഭിച്ചത് മുതലുള്ള സൗഹൃദമാണ്. ഒന്ന്, രണ്ട് സിനിമകളിൽ അഭിനയിച്ച് അദ്ദേഹം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കാലത്താണ് സൗഹൃദത്തിലാകുന്നത്. തിരക്കഥാകൃത്ത് ആയിട്ടാണ് പിന്നീട് അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതലായി മലയാള സിനിമയിൽ ഉണ്ടായത്. ആദ്യം, പ്രിയദർശന്റെ കോമഡി സിനിമകളിൽ. പിന്നെ സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ. നടൻ എന്ന നിലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു," കമൽ പറഞ്ഞു.
"അദ്ദേഹം ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തി പോകുമ്പോഴാണ് ഞങ്ങളുടെ സിനിമകളിൽ വരുന്നത്. ചമ്പക്കുളം തച്ചൻ അദ്ദേഹം അതുവരെ ചെയ്ത സിനിമയായിരുന്നില്ല. അഴകിയ രാവണനും അങ്ങനെതന്നെ. അത്തരത്തിലുള്ള സിനിമകളും തനിക്ക് ചെയ്യാം പറ്റുമെന്ന് അദ്ദേഹം തെളിയിച്ചു. ഇങ്ങനെ ഒരു മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് പരിചിതമായ പല ട്രോളുകളും രാഷ്ട്രീയ വിമർശനങ്ങളും മറ്റും ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം വിട്ടുപോയാലും അദ്ദേഹത്തിന്റെ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകും. അത്തരത്തിൽ പ്രതിഭാധനനായ വേറൊരു സിനിമാക്കാരനുണ്ടായിട്ടില്ല," കമൽ കൂട്ടിച്ചേർത്തു.
പാവം പാവം രാജകുമാരൻ (1990), ചമ്പക്കുളം തച്ചൻ (1992), മഴയെത്തും മുൻപേ (1995), അഴകിയ രാവണൻ (1996), അയാൾ കഥ എഴുതുകയാണ് (1998) എന്നിങ്ങനെ കമലിന്റെ ജനപ്രിയ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആണ്. ഇന്ന് രാവിലെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ വച്ചാണ് ശ്രീനിവാസന്റെ നിര്യാണം.