ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ സംഘർഷത്തിനിടെ പരിക്കേറ്റു.
ക്രിസ്മസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവ ക്ലബിന്റെ നേതൃത്വത്തിൽ കരോൾ സംഘം ഇറങ്ങിയത്. പതിനൊന്നരയോടെ സംഘം ലിബർട്ടി ക്ലബ്ബിന്റെ ഭാഗത്ത് എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.പിന്നാലെ വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറി.
യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞവർ ചേർന്ന് ആരംഭിച്ചതാണ് ലിബർട്ടി ക്ലബ്. മുൻവൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് യുവ ക്ലബ് അംഗങ്ങൾ പറയുന്നു. ആക്രമണത്തിൽ പലർക്കും തലയ്ക്ക് അടക്കം പരിക്കേറ്റു. ലിബർട്ടി ക്ലബിലെ ചിലർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇരു ക്ലബുകളുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.