വയനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി തട്ടിയ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. എന്നാൽ അഴിമതിയെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ചെലവ് പെരുപ്പിച്ച് കാണിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമായി രണ്ടുവർഷത്തിനിടെ രണ്ടര കോടിയാണ് തട്ടിയത്. അന്വേഷണ വിധേയമായി നാല് ഉദ്യോഗസ്ഥരെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തിരുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍ ജോജോ ജോണി, അക്കൗണ്ടൻ്റ് വി.സി. നിധിന്‍, അക്രഡിറ്റിഡ് ഓവര്‍സിയര്‍മാരായ കെ.എ. റിയാസ്, പ്രിയാ ഗോപിനാഥൻ എന്നിവരെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
2023-2024 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ ഒന്നാം സ്ഥാനം തൊണ്ടര്‍നാട് പഞ്ചായത്തിനായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം തുക ചെലവഴിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയിൽപെട്ടതോടെ പ്രൊജക്ട് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ഒരേ പദ്ധതിയില്‍ രണ്ട് തരം ചെലവുകള്‍ രേഖപ്പെടുത്തിയും നടപ്പാകാത്ത പദ്ധതിയുടെ പേരില്‍ പണം ചെലവഴിച്ചെന്ന് കാണിച്ചുമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.