കോഴിക്കോട്: സമസ്തയിൽ ഭിന്നത രൂക്ഷമാകുന്നു. നൂറാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ വിട്ടുനിൽക്കും. മധ്യസ്ഥ ചർച്ചകളിൽ ലീഗ് അനുകൂല വിഭാഗം മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിക്കാത്തതടക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സമസ്തയിലെ ലീഗ് അനുകൂല വിഭാഗം മുന്നോട്ടുവെച്ച പ്രശ്നങ്ങൾ മുശാവറയിൽ ചർച്ച ചെയ്യാത്തതിലും മുസ്ലീം ലീഗിന് അതൃപ്തിയുണ്ട്. വാർഷികാഘോഷവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ വിട്ടുനിന്നിരുന്നു. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ സമസ്തയുടെ നൂറാം വാര്‍ഷികം കാസര്‍ഗോഡ് വെച്ച് വിപുലമായി ആഘോഷിക്കുമെന്ന് പറഞ്ഞ നേതാക്കൾ, സമ്മേളനം ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും അറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും തർക്കങ്ങൾ ഉടലെടുക്കുന്നത്.
വിഭാഗീയത ശക്തമായതിന് പിന്നാലെ നാസര്‍ ഫൈസി കൂടത്തായി സമസ്ത കേരള ജംഈയ്യത്തുൽ ഖുതുബയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമസ്തയിലെ ലീഗ് വിരുദ്ധർ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് രാജി. നിരന്തരം സമസ്ത നേതാക്കളെ ആക്ഷേപിക്കുന്നതായും മനപ്പൂർവ്വം സംഘടനയെ നിർജ്ജീവമാക്കുന്നുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നു.