കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സറുടെ മതവിദ്വേഷ വീഡിയോയെ പിന്തുണച്ചതില്‍ വിശദീകരണവുമായി ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണ. വീഡിയോ മുഴുവന്‍ കാണാതെ കമന്റിട്ടത് തന്റെ തെറ്റാണെന്നും എന്നാല്‍, വീഡിയോയില്‍ മുഹമ്മദ് അലി ജിന്നയെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ദിയ കൃഷ്ണ പറയുന്നു.
വിവാദത്തില്‍ സഹോദരി അഹാന കൃഷ്ണയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചും ക്ഷമ ചോദിച്ചുമുള്ള ദിയ കൃഷ്ണയുടെ പോസ്റ്റ്. തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയ്ക്കും അതുമൂലമുണ്ടായ തെറ്റായ ധാരണയ്ക്കും ക്ഷമ ചോദിക്കുന്നുവെന്ന് ദിയ പറഞ്ഞു.
'രണ്ട് വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോയിലാണ് ഞാന്‍ കമന്റ് ചെയ്തത്. കൊച്ചിയിലെ ഒരു കഫേയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്ശിപ്പിച്ചതിനെക്കുറിച്ചുള്ളതായിരുന്നു ആദ്യ വിഷയം. അതില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്, എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, വീഡിയോയുടെ രണ്ടാം ഭാഗം നമ്മുടെ സംസ്ഥാനത്തെ ഒരു സമൂഹത്തെക്കുറിച്ചും കേരളത്തിലെ ബീഫ് കഴിക്കുന്നതിനെ കുറിച്ചും മറ്റുമുള്ളതായിരുന്നു. ആ കാഴ്ചപ്പാടുകളോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു.
വീഡിയോയുടെ ആദ്യ പകുതി മാത്രം കണ്ടതുകൊണ്ട്, മുഴുവന്‍ വീഡിയോയും ജിന്നയുടെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയാണെന്ന് തെറ്റായി ധരിച്ചു. ആ ധാരണയുടെ പുറത്താണ് കമന്റ് ചെയ്തത്. പ്രതികരിക്കുന്നതിന് മുന്‍പ് മുഴുവന്‍ സാഹചര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് എനിക്ക് പറ്റിയ തെറ്റ്. കുറിപ്പില്‍ ദിയ പറയുന്നു.
മതസൗഹാര്‍ദത്തിലാണ് താന്‍ വിശ്വസിക്കുന്നത്. മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ജീവിതത്തിന് സമ്പന്നത നല്‍കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു സമൂഹത്തെ അപമാനിക്കുന്നതോ നമ്മുടെ സമൂഹത്തില്‍ അവരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതോ ആയ ഉള്ളടക്കത്തെ ഞാന്‍ ഒരിക്കലും ബോധപൂര്‍വ്വം അനുകൂലിക്കില്ല. മുഴുവന്‍ വീഡിയോയും കണ്ടിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ കമന്റ് ചെയ്യുമായിരുന്നില്ല.
തന്റെ റീച്ചും വാക്കുകള്‍ക്ക് ലഭിക്കുന്ന ശ്രദ്ധയും കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. എന്റെ ഉദ്ദേശം എന്റെ പ്രവൃത്തികളുടെ ആഘാതത്തെ ഇല്ലാതാക്കുന്നില്ല, ഉത്തരവാദിത്തം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നു. ഇതുമൂലം വിഷമം അനുഭവിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ദിയ കൃഷ്ണ.
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ച് ആദ്യം ചിന്തിച്ചിരുന്നെങ്കിലും ഒളിച്ചോടുന്നത് ശരിയല്ലെന്ന് തിരിച്ചറിയുന്നു. മാറി നില്‍ക്കുന്നതിന് പകരം തെറ്റ് അംഗീകരിക്കാനും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുപോകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.