എൽപിഎസ്‌ടി സമരനായിക വളർമതി വീണ്ടും ആശുപത്രിയിൽ 
KERALA

വളർമതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഡോക്ടർമാരുടെ പ്രത്യേക സംഘം; ജനറൽ ആശുപത്രിയിൽ തുടരാമെന്ന് വളർമതി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സമര നേതാവ് ചികിത്സയിൽ കഴിയുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദീർഘനാളായി എൽപിഎസ്‌ടി സമരത്തിൻ്റെ ഭാഗമായി നിരാഹാര സമരത്തിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ഡോക്ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സമര നേതാവ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഡോക്ടർമാരാണ് പ്രത്യേക മെഡിക്കൽ സംഘത്തിലുള്ളത്.

ഇന്ന് രാവിലെ മെഡിക്കൽ സംഘം വളർമതിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഭക്ഷണം കഴിക്കാത്തതിൻ്റേയും നിർജലീകരണത്തിൻ്റേയും പ്രശ്നങ്ങൾ നിലവിലുണ്ട്. ഇത് പരിഹരിക്കാൻ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ജനറൽ ആശുപത്രിയിൽ തന്നെ തുടരാമെന്നാണ് വളർമതിയുടെ നിലപാട്.

നിരാഹാര സമരം നടത്തുന്ന വളർമതി ടീച്ചറുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് നേരത്തെ സമരസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ടീച്ചറെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിലെ സ്ഥിതി ഇനിയും തുടരാനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്ന് സമരസമിതി നേതാവ് ജയകൃഷ്ണൻ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിക്കാൻ വളർമതി തയ്യാറല്ലെന്നും മരണം വരെ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.

ഡിവിഷൻ ഫാൾ ഉണ്ടായ സ്കൂളുകളിലെങ്കിലും 1:25 എന്ന അധ്യാപക-വിദ്യാർഥി അനുപാതം നടപ്പാക്കണമെന്നാണ് സമര സമിതിയുടെ പ്രധാന ആവശ്യം. സിസ്റ്റത്തെ തകർക്കാനോ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാനോ സമരസമിതി ഉദ്ദേശിക്കുന്നില്ലെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. സർക്കാരുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജയകൃഷ്ണൻ പറഞ്ഞു.

SCROLL FOR NEXT