നായ കടിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

"ഞങ്ങളുടെ നാട്ടിലെ നായ ആരെയും കടിക്കാറില്ലല്ലോ"; കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ നാടക പ്രവർത്തകനെതിരെ കേസ് കൊടുക്കുമെന്ന് 'നായ സ്നേഹി'

നാടകം സംഘടിപ്പിച്ച കണ്ടക്കൈ കൃഷ്ണപിള്ള വായനശാലയിലേക്ക് വിളിച്ചായിരുന്നു കേസ് കൊടുക്കുമെന്ന ഭീഷണി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: തെരുവുനായയ്ക്കെതിരെ നാടകം ചെയ്തയാൾക്കെതിരെ കേസ് കൊടുക്കുമെന്ന് നായ സ്നേഹി. നാടകത്തിനിടെ നായ ആക്രമിച്ച കണ്ടക്കൈ സ്വദേശി രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് കേസ് കൊടുക്കുമെന്നാണ് നായ സ്നേഹിയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ പറഞ്ഞത്. നാടകം സംഘടിപ്പിച്ച കണ്ടക്കൈ കൃഷ്ണപിള്ള വായനശാലയിലേക്ക് വിളിച്ചായിരുന്നു കേസ് കൊടുക്കുമെന്ന ഭീഷണി.

നാടകത്തിനിടെ നായ കടിച്ചെന്നത് വ്യാജ റിപ്പോർട്ട് ആണോ എന്ന് ചോദിച്ചായിരുന്നു ഇവർ വായനശാലയിലേക്ക് വിളിച്ചത്. നാടക കലാകാരനെ നായ കടിച്ചത് നന്നായെന്നും ഇവർ പറയുന്നുണ്ട്. "ഞങ്ങളുടെ നാട്ടിലെ നായക്കൾ ആരെയും കടിക്കാറില്ല. അവിടെ മാത്രം എങ്ങനെയാണ് നായ കടിക്കുന്നത്. പറവൂരിൽ വന്ധ്യം കരണം ചെയ്ത, വാക്സിനേഷൻ നൽകിയ നായകൾ ആരെയും കടിക്കാറില്ല," യുവതി ഫോൺ കോളിൽ പറഞ്ഞു.

പേക്കാലം എന്ന പേരിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്ന കാലത്തെക്കുറിച്ചായിരുന്നു തെരുവുനാടകം. കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയിലെ വേദിയിൽ തെരുവുനായ കടിച്ചുകീറിയ കുട്ടിയുടെ കഥ അഭിനയിക്കവെയായിരുന്നു രാധാകൃഷ്ണനെ തെരുവുനായ ആക്രമിച്ചത്.

എകാംഗ നാടകത്തിന്റെ വേദിയിലേക്ക് പെട്ടെന്ന് കറുത്ത നിറമുള്ളൊരു നായ ഓടിയെത്തുകായിരുന്നു. കയ്യിലിരുന്ന വടികൊണ്ട് നടൻ നായയെ അടിച്ചോടിച്ചു. എല്ലാം നാടകമെന്ന് കരുതിയ കാണികൾ പക്ഷേ രാധാകൃഷ്ണനെ നായ കടിച്ചത് ശ്രദ്ധിച്ചില്ല.

20 മിനുട്ട് ദൈർഘ്യമുള്ള നാടകം പൂർത്തിയാക്കിയ ശേഷമാണ് കാലിൽ പതിഞ്ഞ നാല് പല്ലുകളുടെ മുറിവുമായി രാധാകൃഷ്ണൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ തെരുവ് നായ ആക്രമണം തുടരുകയാണ് . തിരുവനന്തപുരം നെടുമങ്ങാട് വിദ്യാർഥികൾ അടക്കം അഞ്ച് പേർക്ക് നായയുടെ കടിയേറ്റു . റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ നായ ആക്രമിക്കുകയായിരുന്നു. കടിയേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

SCROLL FOR NEXT