Source: News Malayalam 24x7
KERALA

സമസ്തയിലെ ഇരുവിഭാഗവും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥതയ്ക്ക് തയ്യാര്‍, രണ്ടു വർഷത്തിനകം ലയനം സാധ്യമാകും: ഡോ. ഇ.എന്‍. അബ്ദുള്‍ ലത്തീഫ്‌

ഇരുവിഭാഗവും തീരുമാനിച്ചാൽ രണ്ടു വർഷത്തിനകം ലയനം സാധ്യമാകുമെന്നും ഡോ. ഇ.എന്‍. അബ്ദുള്‍ ലത്തീഫ്‌...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സുന്നി ഐക്യചർച്ചയിൽ സമസ്തയിലെ ഇരുവിഭാഗവും ആവശ്യപ്പെട്ടാൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് 2018ലെ മധ്യസ്ഥസമിതി കൺവീനർ ഡോ. ഇ.എൻ. അബ്ദുൾ ലത്തീഫ്. ഇരുവിഭാഗവും തീരുമാനിച്ചാൽ രണ്ടു വർഷത്തിനകം ലയനം സാധ്യമാകും. ഐക്യചർച്ച പുനരാംഭിക്കാനുള്ള നീക്കത്തിൽ സന്തോഷമെന്നും ഡോ. ഇ.എൻ. അബ്ദുൾ ലത്തീഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

2018ലെ ഐക്യചർച്ചയെ തുടർന്ന് കലഹങ്ങൾ കുറഞ്ഞുവെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. പള്ളിതർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥസമിതിക്ക് കഴിഞ്ഞു. ഐക്യ ചർച്ചകൾക്ക് മുസ്ലീം ലീഗ് തടസം നിന്നിട്ടില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ഐക്യ ചർച്ചകൾക്ക് മുസ്ലീം ലീഗ് നേതാക്കൾ പൂർണ പിന്തുണ നൽകി. ഒരു ഘട്ടത്തിലും മുസ്ലിം ലീഗ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

സമസ്തയിലെ ഐക്യ ചർച്ചകൾക്ക് പച്ചക്കൊടി വീശിയ കാന്തപുരത്തിൻ്റെ നിലപാട് സമസ്ത ഇകെ വിഭാഗം കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ഐക്യം ആവശ്യമെന്ന് ഉമർ ഫൈസി മുക്കം ന്യൂസ് മലയാളത്തോട് പറഞ്ഞു. മുസ്ലീങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമാണിത് എന്ന് എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയും പ്രതികരിച്ചു. 2018ൽ തുടങ്ങിയ ചർച്ച മുന്നോട്ട് കൊണ്ടുപോകും. മധ്യസ്ഥനെ ഇരുകൂട്ടരും ചേർന്ന് തീരുമാനിക്കുമെന്ന് ഇ.കെ- എ.പി വിഭാഗങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കലിൽ നടന്ന എപി വിഭാഗം മുശാവറ യോഗത്തിലാണ് ഇരു സമസ്ത വിഭാഗങ്ങളും തമ്മിലുള്ള ഐക്യ ചർച്ചകൾക്ക് അനുകൂലമായി പ്രമേയം അവതരിപ്പിച്ചത്. സമൂഹത്തിൻ്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും സുന്നി വിഭാഗങ്ങളുടെ ഐക്യം അനിവാര്യമാണെന്നും സമസ്ത നൂറാം വാർഷിക സെൻ്റനറി വിളംബര ജാഥയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞിരുന്നു.

SCROLL FOR NEXT