ഡോ. ഹാരിസ് Source: News Malayalam 24x7
KERALA

എല്ലാ ഉപകരണവും ആശുപത്രിയില്‍ തന്നെയുണ്ട്, ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ചിറയ്ക്കല്‍

"ഉപകരണങ്ങള്‍ കേടായെന്ന് വിദഗ്ധ സമിതി പറയാന്‍ സാധ്യതയില്ല. മന്ത്രി എനിക്കെതിരെ അങ്ങനെ ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ എംപി ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉപകരണങ്ങള്‍ കാണുന്നില്ല എന്നത് ആരോപണം മാത്രമാണെന്നും മന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

'എല്ലാവര്‍ഷവും ഓഡിറ്റിംഗ് നടക്കുന്നതാണ്. മന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ല. 14 ലക്ഷം രൂപയുടെ ഉപകരണമാണ്. എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. ഉപകരണങ്ങള്‍ കേടായെന്ന് വിദഗ്ധ സമിതി പറയാന്‍ സാധ്യതയില്ല. ഉപകരണങ്ങള്‍ കാണുന്നില്ല എന്നത് ആരോപണം മാത്രമാണ്. മന്ത്രി എനിക്കെതിരെ അങ്ങനെ ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ഏത് അന്വേഷണവും നടക്കട്ടെ. വിദഗ്ധസമിതിക്ക് അകത്തുകയറി ഉപകരണങ്ങള്‍ പരിശോധിക്കന്‍ സമയം കിട്ടിയിട്ടില്ല,' ഡോ. ഹാരിസ് പറഞ്ഞു.

അതേസമയം, എനിക്കെതിരെ നടപടി ഉണ്ടാകില്ല എന്ന് തന്നെയാണ് കരുതുന്നത്. ഏതെങ്കിലും തരത്തില്‍ നടപടികള്‍ ഉണ്ടായാല്‍ ജീവനക്കാരുടെ സംഘടന പിന്തുണയ്ക്കും എന്നാണ് കരുതുന്നതെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

20 ലക്ഷം രൂപ വില വരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്.

ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയ ഹാരിസ് ചിറയ്ക്കലിനോട് വിശദീകരണം തേടുക എന്നത് സ്വാഭാവിക നടപടിക്രമമാണ്. എന്നാല്‍ അതിനോടൊപ്പം എംപി ഫണ്ടില്‍ നിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണം സമിതി കണ്ടെത്തിയെന്നും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാരിസ് ചിറയ്ക്കല്‍ മറുപടി നല്‍കിയിരിക്കുന്നത്.

SCROLL FOR NEXT