Source: Files
KERALA

സെക്രട്ടറിയേറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ; വളർമതിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്, കൂട്ടനിരാഹാരം ആരംഭിച്ച് ഉദ്യോഗാർഥികൾ

വളർമതി സമരവേദിയിലേക്ക് തിരിച്ചെത്തും വരെ നിരാഹാര സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരുന്ന എൽപിഎസ്ടി സമരനായിക വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ബലപ്രയോഗത്തിലൂടെ ആണ് വളമതിയെ നീക്കിയത്. ഇതിന് പിന്നാലെ ഉദ്യോഗാർഥികൾ കൂട്ടനിരാഹാരം ആരംഭിച്ചു. വളർമതി സമരവേദിയിലേക്ക് തിരിച്ചെത്തും വരെ നിരാഹാര സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. രക്തസമ്മർദം കുറഞ്ഞുവെന്ന പൊലീസ് വാദം കള്ളമാണെന്നും സമരം പൊളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. ഐക്യദാർഢ്യവുമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ എബിവിപി മാർച്ചിലും സംഘർഷമുണ്ടായി.

അതേസമയം, വളർമതിയുടെ ആരോഗ്യനില സ്റ്റേബിളെന്ന് ജനറൽ ആശുപത്രി അതികൃതർ അറിയിച്ചു. നിലവിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ടെന്നും മൂന്ന് മണിക്കൂർ ഒബ്സർവേഷനിൽ വയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ബിപി, പൾസെല്ലാം നോർമലാണെന്നും അധികൃതർ വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

വെള്ളിയാഴ്ച്ച രാവിലെ 11 മണിക്കും വൈകിട്ട് അഞ്ച് മണിക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്. എന്നാല്‍ അന്നേ ദിവസം പ്രതിഷേധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വളര്‍മതി പ്രതികരിച്ചു. എൽപിഎസ്‍ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഉദ്യോഗാർഥികൾ മുന്നോട്ട് വച്ചത്. എന്നാല്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചത്.

SCROLL FOR NEXT