Source: News Malayalam 24X7
KERALA

റെഗുലേറ്ററിലെ ഷട്ടർ വീണ്ടും തകർന്നു, പുഴയിൽ ഉപ്പുവെള്ളം കയറി; കുടിവെള്ളം മുട്ടി പുത്തൻവേലിക്കര നിവാസികൾ

ഒരു ഷട്ടർ തകർന്നതിനു പുറമേ റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾക്ക് ചോർച്ചയുള്ളതായും പരിസരവാസികൾ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

പറവൂർ:മൂന്നു വശവും പുഴകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് പുത്തൻവേലിക്കര. ജലസ്രോതസുകൾ ഏറെയുള്ള പ്രദേശത്ത് ഇനി കുടിവെള്ളത്തിനായി ജനങ്ങൾ അലയേണ്ട സ്ഥിതിയാണ് . കണക്കൻ കടവ് ഭാഗത്ത് പുഴയിലേക്ക് ഒരു ജലം തടയുന്നത് നിർമിച്ചിട്ടുള്ള റെഗുലേറ്റർ തകരാറിലായതോടെയാണ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജനങ്ങളുടെ കുടിവെള്ളം മുടങ്ങിയത്.

ചാലക്കുടിപ്പുഴ പെരിയാറിലേക്ക് ചേരുന്നിടമായതിനാൽ ശക്തമായ ഒഴുക്കാണ് ഈ ഭാഗത്ത്. വർഷങ്ങളായി റഗുലേറ്റർ നിരന്തരം കേടാകുന്നത് കൊണ്ട് പ്രദേശത്ത് തന്നെ ഈ കുടിവെള്ളക്ഷാമം തുടർക്കഥയാണ്. റെഗുലേറ്റർ പുനർ നിർമിക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്നാൽ നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല.

നേരത്തേ കേടായിരുന്ന ഷട്ടർ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നതോടെ വീണ്ടും തകർന്നു. ഇതോടെ പുഴയിലേക്ക് ഉപ്പുവെള്ളം കയറി, കുടിവെള്ള പമ്പിംഗ് നിർത്തിവച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി താൽക്കാലിക മണൽത്തടയണ നിർമിക്കാൻ ഡ്രെജ്ജർ കൊണ്ടുവന്നിരുന്നെങ്കിലും അതും തകരാറിലായി. ഇപ്പോൾ ഡ്രെജ്ജറിന്റെ കേടുപാടുകൾ കൂടി പരിഹരിക്കേണ്ട സ്ഥിതിയാണ്. പുഴയിലെ ജലനിരപ്പ് ഉയർന്നതും, ഒഴുക്ക് ശക്തമായതും നിർമാണത്തിന് തടസം സൃഷ്ടിച്ചു.

ജലനിരപ്പു താഴുന്നതോടെ പുഴയിലേക്ക് കൂടുതൽ ഉപ്പുവെള്ളം കയറുന്ന് സാഹചര്യം ഉണ്ടാകും. അത് കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാക്കും. ഒരു ഷട്ടർ തകർന്നതിനു പുറമേ റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾക്ക് ചോർച്ചയുള്ളതായും പരിസരവാസികൾ പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ വേനൽക്കാലം അടുത്തുവരുന്നതോടെ പ്രദേശത്ത് കുടിവെള്ളത്തിനായി ആളുകൾ ഏറെ അലയേണ്ടി വരും.

നിലവിൽ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന സ്ഥിതിയിലാണ് പഞ്ചായത്തിലെ നിരവദി ആളുകൾ. എന്നാൽ ഗ്രാമ പ്രദേശത്തെ ഇടവഴികളിൽ കുടിവെള്ള ടാങ്കർ എത്താത്തതടക്കമുള്ള പ്രതിസന്ധികൾ വേറെയുമുണ്ട്. വർഷങ്ങളായിഅ അനുഭവിക്കുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരമാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

തടയണ നിർമാണവും പൂർത്തിയാകാത്ത സാഹചര്യത്തിൽ പെരിങ്ങൽ കുത്ത് ഡാമിൽ നിന്നും വെള്ളം തുറന്ന് വിട്ട് ഉപ്പുജലത്തെ പുറന്തള്ളാൻ ബന്ധപ്പെട്ട വകുപ്പിലും, മന്ത്രിയോടും അഭ്യർഥിച്ചെങ്കിലും നടപടിയായില്ല. മുൻ കാലങ്ങളിൽ പലപ്പോഴും ഈ രീതിയിലൂടെയാണ് പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിലെ സ്ഥിതി വിവരിച്ച് അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

SCROLL FOR NEXT