കോഴിക്കോട് നഗരത്തിൽ കുടിവെള്ളം മുടങ്ങും  Source: News Malayalam 24 X7
KERALA

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നഗരത്തിൽ രണ്ട് ദിവസം കുടിവെള്ളം പൂർണമായും മുടങ്ങും

കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ മനോജ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി . പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഒരു വീടിൻ്റെ മതിലിടിഞ്ഞു. നഗരത്തിൽ രണ്ട് ദിവസം കുടിവെള്ളം പൂർണമായും മുടങ്ങും . പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മലാപ്പറമ്പിലെ ഫ്ലോറിക്കൻ റോഡിൽ ജലവിതരണ പൈപ്പ് പൊട്ടിയത്. ഇതോടെ സമീപത്തെ നാലു വീടുകളിൽ വെള്ളവും ചെളിയും കയറി. വെള്ളപ്പാച്ചിലിൽ വീടിന്റെ മതിൽ ഇടിഞ്ഞു. പൈപ്പ് തകർന്നതോടൊപ്പം റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടു. ഇതോടെ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. 50 വർഷം മുമ്പ് സ്ഥാപിച്ച വലിയ കോൺക്രീറ്റ് പൈപ്പാണ് പൊട്ടിയത്.

നഗരത്തിലെ പ്രധാന കുടിവെള്ള വിതരണ ശൃംഗലയിൽപ്പെട്ട പൈപ്പായതിനാൽ ഒരു ഭാഗത്തെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു . പൈപ്പ് പൊട്ടി വെള്ളം കയറിയ പ്രദേശത്തെ വീടുകൾ അതോറിറ്റി അധികൃതർ സന്ദർശിച്ചു. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ മനോജ് പറഞ്ഞു.

പൈപ്പ് പൊട്ടുന്നത് പതിവാണെന്നും പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഇടപെടുന്നില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം . കാലപ്പഴക്കം ആണ് പൈപ്പ് തകരാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിലയിരുത്തൽ .

SCROLL FOR NEXT