കൊച്ചി: തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ടാങ്കാണ് തകർന്നത്. വീടുകളിൽ അടക്കം വെള്ളം ഇരച്ചു കയറുകയും വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. 1.35 കോടി ലിറ്ററോളം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടം സമയം 1.10 കോടി ലിറ്ററിന് അടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു.
കാലപ്പഴക്കമാണ് അപകടകാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അഞ്ച് വർഷത്തിലേറെ പഴക്കം ടാങ്കിനുണ്ടായിരുന്നു. ഇതിനു മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രദേശവാസികൾ പറയുന്നു.
കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ എന്ന് പ്രദേശത്ത് എത്തിയ ഉമാ തോമസ് എംഎൽഎ പറഞ്ഞു. മരടിൽ നിന്ന് സപ്ലൈ ചെയ്യുന്ന വെള്ളത്തിന്റെ കപ്പാസിറ്റി കൂട്ടാൻ ആലോചിക്കുന്നു. അപകടത്തിൽ ആളപായമില്ലാതിരുന്നത് സമാധാനമെന്നും ഉമാ തോമസ് പറഞ്ഞു.