KERALA

തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച് ലഹരി സംഘം

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിന് നേരെയായിരുന്നു ആക്രമണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കല്ലൂർ പുല്ലുത്തിയിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് ആക്രമണം നടത്തിയത്. തൃക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോയ്ക്കും അമ്മ മേരീസിനും പരിക്കേറ്റു. ചെവിക്കും കാലിനും പരിക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരിക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീട്ടിൽനിന്നുള്ള നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികളിലൊരാളായ സമീപവാസിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

മാസങ്ങൾക്ക് മുമ്പ് പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്നത് റിന്റോ പൊലീസിൽ അറിയിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

SCROLL FOR NEXT