കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. കണ്ണൂര്‍ ചെറുപുഴയില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലിലും പ്രാപ്പൊയില്‍, തിരുമേനി ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലവെള്ളം കുത്തിയൊഴുകി എയ്യന്‍കല്ലിലെ പറമ്പില്‍ ആന്റണിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞു. വീടിനുള്ളില്‍ അരമീറ്ററോളം ഉയരത്തില്‍ വെള്ളം കയറുകയും ചെയ്തു. പ്രദേശത്തെ അഞ്ചോളം വീടുകളിലും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
കനത്ത മഴയില്‍ തൃശ്ശൂരില്‍ ദേശീയപാതയോരത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൊടകര പേരാമ്പ്ര അടിപ്പാത നിര്‍മാണം നടക്കുന്ന മേഖലയിലാണ് വെള്ളം കയറിയത്.
കോമ്പാത്ത് രജുവിന്റെ വീട്ടിലും വ്യാപാര സ്ഥാപനത്തിലുമാണ് വെള്ളം കയറിയത്. ശക്തമായ മഴയില്‍ ദേശീയ പാതയില്‍ നിന്നും വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. അതേസമയം ദേശീയപാത നിര്‍മാണത്തിലെ അപാകതയാണ് ഇത്തരത്തില്‍ വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തൃശ്ശൂര്‍ മാള പുത്തന്‍ചിറയില്‍ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കിഴക്കുംമുറി പ്രദേശത്ത് ഇടിമിന്നലേറ്റ് പയ്യപ്പിള്ളി സ്റ്റീഫന്‍ എന്നയാളിന്റെ വീട്ടിലും വലിയ നാശനഷ്ടമുണ്ടായി. വീടിന്റെ മീറ്റര്‍ ബോര്‍ഡും വൈദ്യുത ഉപകരണങ്ങളും പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരക്കും ചുമരിനും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാളയില്‍ തെങ്ങ് വീണ് വീടും ഭാഗികമായി തകര്‍ന്നു. മാള പള്ളിപ്പുറം താണികാട് തൈവളപ്പില്‍ സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മേല്‍ക്കൂരയും വാഷിംഗ് മെഷീനും അടുക്കള ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. സിറാജ്, ജേഷ്ഠന്‍ സുരാജ്, ഭാര്യ ഷാജിത, മക്കള്‍ ശിഹാബ്, ഷാനവാസ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അതേസമയം അടുത്ത മൂന്ന് മണിക്കൂറിനിടയില്‍ തിരുവനന്തപുരത്തും കോട്ടയത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.