കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിൻ്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കാറുകൾ എവിടെ എന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുകയാണെന്നാണ് റിപ്പോർട്ട്.
വാഹനങ്ങൾ നിയമനുസൃതമായാണ് വാങ്ങിയതെന്ന് ദുൽഖർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ദുൽഖറിനെ എട്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി ദുൽഖറിൻ്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടു വന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ദുൽഖർ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറില്‍ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് കാറുകൾ എത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.