തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് ? Source; News Malayalam 24X7
KERALA

വോട്ട് ചേർത്തത് വ്യാജ മേൽ വിലാസത്തിൽ; തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് ? ന്യൂസ് മലയാളം അന്വേഷണം

അടഞ്ഞ് കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്ന വിവരങ്ങൾ ന്യൂസ് മലയാളത്തിന്. തൃശൂർ കോർപ്പറേഷനിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർ പട്ടികിയിൽ നടന്നത് വൻ ക്രമക്കേടുകൾ. തൃശൂർ കോർപ്പറേഷനും പാർലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവർക്ക് വ്യാജ മേൽവിലാസം ഉണ്ടാക്കി വോട്ട് ചേർത്തു. തൃശൂർ അയ്യന്തോളിലെ വാട്ടർ ലില്ലി അപ്പാർട്ട്മെന്റിലും പൂങ്കുന്നം ഇൻ ലാന്റ് ഉദയനഗർ അപ്പാർട്ട്മെന്റും കേന്ദ്രീകരിച്ച് ലെവിൻ കെ വിജയനും ഷെഹീർ ഗുരുവായൂരും നടത്തിയ രഹസ്യാന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

അടഞ്ഞ് കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. കോർപ്പറേഷനും ലോക്സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോൾ ഈ ഫ്ലാറ്റിൽ താമസക്കാരല്ല. എന്നാൽ പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയവരെയാണ്. ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്. അക്കാര്യം വ്യക്തമാക്കുന്നതാണ് ഞങ്ങൾ നടത്തിയ അന്വേഷണം.

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരിൽ എൽഡിഎഫും, യുഡിഎഫും പരാതികൾ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യവ്യാപകമായി തന്നെ ഈ വിഷയം ചർച്ചയായിക്കഴിഞ്ഞു. ദേശീയ തലത്തിലടക്കം പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

SCROLL FOR NEXT