ഫ്രാക്ഷൻ നിർദേശം തള്ളിയ കീഴ്വഴക്കത്തിൽ പ്രതീക്ഷ അർപ്പിച്ച് ഡിവൈഎഫ്ഐയിലെ വെട്ടിനിരത്തൽ ഭീഷണിയിലുള്ള നേതാക്കൾ. 2018-ൽ ഫ്രാക്ഷൻ നിർദേശം പുനഃപരിശോധിച്ച് ഒഴിവാക്കപ്പെട്ടവരെ ഭാരവാഹിത്വത്തിൽ കൊണ്ടുവന്നിരുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. പ്രായപരിധി കുറച്ച തീരുമാനം സിപിഐഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണ് സൂചന. സെക്രട്ടറിയേറ്റ് എടുക്കാത്ത തീരുമാനമാണ് എം.വി. ഗോവിന്ദൻ ഫ്രാക്ഷൻ യോഗത്തിൽ അറിയിച്ചത്. ചിന്ത ജെറോം സംസ്ഥാന അധ്യക്ഷയാകുന്നത് തിരിച്ചടിയാകുമെന്നാണ് എതിർവിഭാഗത്തിന്റെ വാദം.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷൻ തീരുമാനങ്ങൾ അതേപടി നടപ്പിലായാൽ ഒരുകൂട്ടം നേതാക്കൾ ഡിവൈഎഫ്ഐയിൽ നിന്ന് ഒഴിവാക്കപ്പെടും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെയാണ് പ്രായപരിധി കുറയ്ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫ്രാക്ഷൻ യോഗത്തിൽ അവതരിപ്പിച്ചത് എന്നത് ചൂണ്ടിക്കാട്ടി നേതൃത്വത്തിന് പരാതി നൽകാനാണ് വെട്ടിനിരത്തൽ ഭീതിയിലുള്ള നേതാക്കളുടെ നീക്കം.
2018ൽ സമാനമായ രീതിയിൽ സംസ്ഥാന ഭാരവാഹികൾ ആകാൻ സാധ്യതയുള്ള നേതാക്കളെ ഒഴിവാക്കിയ ഫ്രാക്ഷൻ തീരുമാനം പാർട്ടി നേതൃത്വം ഇടപെട്ട് തിരുത്തിയിരുന്നു. ഫ്രാക്ഷൻ തീരുമാനിച്ച സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി പദവികളിലും അന്ന് മാറ്റമുണ്ടായി. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് ചിന്താ ജെറോമിനെയും സെക്രട്ടറി സ്ഥാനത്തേക്ക് എം. വിജിൻ എംഎൽഎയെയുമാണ് ഫ്രാക്ഷൻ യോഗത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് ഡിവൈഎഫ്ഐ നേതാക്കളിൽ മിക്കവർക്കും ഉള്ളത്. ഇതടക്കമുള്ള തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിന് മുന്നിൽ ശക്തമായി ഉന്നയിക്കാനാണ് ഈ നേതാക്കൾ ആലോചിക്കുന്നത്.
പ്രായപരിധി കുറച്ചത് അടക്കമുള്ള തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് മാറ്റം വരുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിഷേധസ്വരം ഉയർത്താനുള്ള നീക്കവും ഉണ്ടാകും. ചടുലമായ നേതൃത്വം ഡിവൈഎഫ്ഐക്ക് അനിവാര്യമായ കാലഘട്ടമാണ് എന്ന ബോധ്യം ഇല്ലാതെയാണ് ഫ്രാക്ഷൻ തീരുമാനമെന്നാണ് ആക്ഷേപം.