KERALA

വയനാട് പുനരധിവാസം: ‘വീടെവിടെ കോൺഗ്രസേ’ ക്യാംപെയ്നുമായി ഡിവൈഎഫ്ഐ; കുടിൽ കെട്ടി സമരം നടത്തുമെന്ന് വി. വസീഫ്

ഡിവൈഎഫ്ഐ നിയമ നടപടികളുടെ സാധ്യത പരിശോധിക്കുമെന്നും വസീഫ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. വയനാട് പുനരധിവാസത്തിനായി കെപിസിസി പിരിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് വ്യക്തമാക്കണം. ഫണ്ട് സമാഹരിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും തുക എവിടെയെന്നോ എന്തിന് ഉപയോ​ഗിച്ചുവെന്നോ അറിയില്ലെന്നും വി. വസീഫ് പറ‍ഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന കോൺഗ്രസിന്റെ നിലപാടിനെതിരെ കേരളത്തിലുടനീളം ‘വീടെവിടെ കോൺഗ്രസെ’ എന്ന ക്യാംപെയ്ൻ നടത്തും. വരും ദിവസങ്ങളിൽ പുനർജനി പ്രദേശത്ത് കുടിൽ കെട്ടി സമരം നടത്തുമെന്നും വി. വസീഫ് പറ‍ഞ്ഞു.

വയനാട് ഫണ്ടിനായി രൂപീകരിച്ച സംയുക്ത അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വി.ഡി. സതീശൻ തന്റെ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ സ്വത്തുവിവരത്തിൽ ഉൾപ്പെടുത്താത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കണം. കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവച്ചത് ദുരൂഹമാണ്. സുതാര്യതയെക്കുറിച്ച് വാതോരാതെ പറയുന്നവർ സ്വന്തം കാര്യത്തിൽ കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വി.ഡി. സതീശനും സണ്ണി ജോസഫും കണക്കുകൾ മറച്ചുവയ്ക്കുകയാണ്. ഡിവൈഎഫ്ഐ നിയമ നടപടികളുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പുനർജനി പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ടിട്ട് ഒരു മാസമായിട്ടും ഒരു ഇഷ്ടിക പോലും വച്ചിട്ടില്ല. തറക്കല്ലിടൽ മാമാങ്കം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് യുഡിഎഫിന്റേത്. പഴയ വാഗ്ദാനങ്ങൾ പാലിക്കാത്തവരാണ് പുതിയ വാഗ്ദാനങ്ങളുമായി ഇപ്പോൾ ജനങ്ങളെ സമീപിക്കുന്നത്. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ പിരിച്ച ഓരോ രൂപയുടെയും കണക്കുകൾ കൃത്യമായി പുറത്തുവിട്ടിട്ടുണ്ട്. സമാഹരിച്ച തുകയെ സംബന്ധിച്ച് പൂർണമായ സുതാര്യത ഡിവൈഎഫ്ഐ ഉറപ്പുവരുത്തിയിട്ടുണ്ട്. ഫണ്ട് മുക്കുന്നത് കോൺഗ്രസ് രീതിയാണ്. ഡിവൈഎഫ്ഐ എപ്പോഴും സുതാര്യമാണ്, വി. വസീഫിന്റെ വാക്കുകൾ.

SCROLL FOR NEXT