പത്തനംതിട്ട: നിരവധി പേരെ മർദിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് ആലപ്പുഴ ഡിവൈഎസ്‌പി എം.ആർ. മധുബാബു. ഫേസ്ബുക്കിലൂടെയാണ് ഡിവൈഎസ്‌പിയുടെ പ്രതികരണം. തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്നും, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് പിന്നിൽ ഒരു ഏമാനാണെന്നും എം. ആർ. മധുബാബു ഫേസ്ബുക്കിൽ കുറിച്ചു. റിട്ടയർമെൻ്റിനുശേഷം ഏമാന് ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും, അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു പരിഹസിച്ചു.
കഴിഞ്ഞ ദിവസം രണ്ട് പരാതികളാണ് ഡിവൈഎസ്‌പി എം.ആർ. മധുബാബുവിനെതിരെ ഉയർന്നുവന്നത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിന് തണ്ണിത്തോടിന് പൊലീസ് മർദനമേറ്റ സംഭവത്തിൽ ഡിജിപിക്ക് അയച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിൽ പരാതിക്കാരനെ മധുബാബു ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായാണ് പറയുന്നത്. സിഐ മധുബാബു അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നും പത്തനംതിട്ട എസ്പി ആയിരുന്ന ജി. ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
"കാലിൻ്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും...നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല... എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം," ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഈ ആരോപണത്തിൻ്റെ ചൂട് കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത ആരോപണം മറനീക്കി പുറത്തുവന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടവും തൊടുപുഴ സ്വദേശി മുരളീധരനുമാണ് മധുബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മധുബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം വീട് പൂർണമായും തല്ലിപ്പൊളിച്ചു. വീട്ടിൽ നിന്നും വസ്ത്രം പോലും ഇടാൻ അനുവദിക്കാതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോയത്. പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും മധുബാബു അതിക്രൂരമായി മർദിച്ചു. എന്നിങ്ങനെയാണ് അനീഷ് പ്രമാടത്തിൻ്റെ പരാതിയിൽ പറയുന്നത്.
തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെ 2022ല്‍ മധുബാബു ക്രൂരമായി മർദിച്ചു എന്നാണ് മുരളീധരൻ വെളിപ്പെടുത്തുന്നത്. പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കേസ് ഒത്തുതീർക്കാൻ പലരും ശ്രമം നടത്തിയെന്നും മുരളീധരൻ പറഞ്ഞു. മുരളീധരന് നേരെ മധു അസഭ്യം വർഷം ചൊരിയുന്നതിന്റെയും ഇയാളെ തല്ലുന്നതിന്റെയും ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് മധുബാബുവിൻ്റെ പ്രതികരണം.