തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ ഇഡിയുടെ കത്തിൽ മുഹമ്മദ് റിയാസിന് എതിരെ ഗുരുതര ഹവാല ആരോപണം. കൈക്കൂലിയായി ലഭിച്ച ഇരുപത് കോടിയിൽ ഹവാല ഇടപാട് സംശയിക്കുന്നതായി ഇഡി അറിയിച്ചിട്ടുണ്ട്. ഈ പണം ദുബായിലേക്ക് കടത്തിയത് കമ്പനി തുടങ്ങാനും ബിസിനസിനുമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ആ സമയത്ത് വീണ ദുബായിയിൽ ഉണ്ടായിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു. കൂടാതെ ഇഡി ഹവാല ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനെതിരെയും സർക്കാർ എഫ്ഐആർ നൽകണമെന്നാണ് ഇഡിയുടെ ആവശ്യം. ഇതിന് ആവശ്യമായ തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നൽകും. ആദ്യം പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിക്കുമെന്നാണ് സൂചന. അതിനും ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്.